ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്' വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം:ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ,അസി.ഡയറക്ടർ,ജില്ലാ എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.41ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും 7 അസി.ഡയറക്ടർ ഓഫീസുകളിലുമാണ് ഇന്നലെ രാവിലെ 10.30മുതൽ റെയ്ഡ് നടന്നത്.
ഹയർ സെക്കൻഡറി റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ,വൊക്കേഷണൽ ഹയർസെക്കൻഡറി അസി.ഡയറക്ടർ ഓഫീസുകൾ,ഹൈസ്‌ക്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ എന്നിവിടങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനം,നിയമനം ക്രമവത്ക്കരിക്കൽ,പുതിയ തസ്തിക സൃഷ്ടിക്കൽ,ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണവും എന്നിവയിൽ കൈക്കൂലിയിടപാട് നടക്കുന്നതായാണ് വിവരം.വിരമിച്ച ഉദ്യാഗസ്ഥർ സർവീസ് കൺസൾട്ടന്റുമാരായി പ്രവർത്തിക്കുന്നു.ഇവർ ഇടനിലക്കാരായി അദ്ധ്യാപകരിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങി വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നെന്നുമാണ് വിജിലൻസിന് ലഭിച്ച വിവരം.
കൂടാതെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപക, അനദ്ധ്യാപകരുടെ സർവീസ് ആനൂകൂല്യങ്ങൾ അനുവദിക്കുന്നതിന് ആനുപാതികമായ കൈക്കൂലി ലഭിച്ചാലേ അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളൂവെന്നും വിജിലൻസിന് വിവരം കിട്ടിയിരുന്നു.