ശാസ്ത്ര, സാങ്കേതിക ഗവേഷണത്തിന് PMECR ഗ്രാന്റ്

Thursday 20 November 2025 12:04 AM IST

ശാസ്ത്ര,സാങ്കേതിക മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) നടപ്പാക്കുന്ന പ്രൈം മിനിസ്റ്റർ ഏർലി കരിയർ റിസർച്ച് ഗ്രാന്റിന് (PMECRG) ഡിസംബർ രണ്ടു വരെ രജിസ്റ്റർ ചെയ്യാം.സയൻസ്/ എൻജിനിയറിംഗിൽ പി.എച്ച്.ഡി/എം.ഡി/എം.എസ്/എം.ഡി.എസ്/എം.വി.എസ്‌.സി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.ദേശീയ ലബോറട്ടറികളിലോ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിലോ റഗുലർ റിസർച്ചറായിരിക്കണം.2023 ഫെബ്രുവരി ഒന്നിനുശേഷ. പ്രവേശനം നേടിയവരായിരിക്കണം.മൂന്ന് വർഷമാണ് ഫെലോഷിപ്പ് കാലയളവ്.ഉയർന്ന പ്രായം 42.എസ്.സി/എസ്.ടി/ഒ.ബി.സി/വനിതകൾ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായ പരിധിയിൽ മൂന്നു വർഷ ഇളവുണ്ട്.

ശാസ്ത്ര,സാങ്കേതിക മേഖലകളിൽ ഗവേഷണം ചെയ്യുന്ന തുടക്കക്കാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.വർഷം 700 റിസർച്ച് ഗ്രാന്റുകളാണ് അനുവദിക്കുക.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു വർഷത്തേക്ക് 60 ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഒറ്റത്തവണ ഗ്രാന്റ് പദ്ധതിയായതിനാൽ പ്രോജക്ട് കാലയളവ് ദീർഘിപ്പിക്കാനാവില്ല.പ്രോജക്ട് ഫെലോ,റിസർച്ച് അസോസിയറ്റ്,പോസ്റ്റ് ഡോക്ടറൽ ഫെലോ,ഗസ്റ്റ് ഫാക്കൽറ്റി,അഡ്ഹോക്ക് ഫാക്കൽറ്റി,വിസിറ്റിംഗ് സയന്റിസ്റ്റ്,കൺസൾട്ടന്റ് എന്നിവർ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം

ANRF ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.ബയോഡേറ്റ,റിസർച്ച് പ്രൊപ്പോസൽ,പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സർട്ടിഫിക്കറ്റ്,ഇൻസ്റ്റിറ്റ്യൂഷനിൽനിന്നുള്ള എൻഡോഴ്സ്മെന്റ് ലെറ്റർ,വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,കാറ്റഗറി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.വെബ്സൈറ്റ്: www.anrfonline.in.