64പേരുടെ ഗവേഷണ ബിരുദം അനുവദിച്ച് കേരള യൂണി. വി.സി
തിരുവനന്തപുരം: തനിക്ക് സുരക്ഷയില്ലാത്തതിനാൽ സിൻഡിക്കേറ്റ് യോഗം മാറ്റിയതിന് പിന്നാലെ, 64പേരുടെ ഗവേഷണ ബിരുദം അംഗീകരിച്ച് കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ. സർവകലാശാലാ നിയമപ്രകാരമുള്ള പ്രത്യേക അധികാരമുപയോഗിച്ചാണിത്. ഇവരുടെ വിവരങ്ങൾ പിന്നീട് സെനറ്റിലും സിൻഡിക്കേറ്റിലും റിപ്പോർട്ട് ചെയ്യും.
കഴിഞ്ഞ സെനറ്റ് യോഗം കഴിഞ്ഞിറങ്ങിയ വി.സിയുടെ കാർ തടയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും പൊലീസ് സുരക്ഷ നൽകാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് ചൊവ്വാഴ്ച ചേരേണ്ടിയിരുന്ന സിൻഡിക്കേറ്റ് യോഗം വി.സി മാറ്റി വച്ചത്.64പേർക്കും ഗവേഷണ ബിരുദം നൽകാനുള്ള ശുപാർശ സിൻഡിക്കേറ്റിന്റെ പരിഗണനയിലായിരുന്നു. പ്രബന്ധങ്ങളുടെ മൂല്യനിർണ്ണയവും, ഓപ്പൺ ഡിഫൻസും ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായി ബന്ധപ്പെട്ട സമിതികൾ ശുപാർശ ചെയ്തവർക്കാണ് ബിരുദം നൽകാൻ വി.സി ഉത്തരവിട്ടത്. വിവിധ തസ്തികകൾക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാവുമെന്ന വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്നാണിത്. അതേസമയം, ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയുയർന്ന സംസ്കൃതം വകുപ്പിലെ വിപിൻ വിജയന്റെ പിഎച്ച്ഡിയിൽ വി.സി തീരുമാനമെടുത്തില്ല. ഇത് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ടു.
വിപിന്റെ ഓപ്പൺ ഡിഫൻസ് വീഡിയോയിൽ പകർത്തിയിട്ടില്ലെന്ന് ഗൈഡ് സർവകലാശാലയെ അറിയിച്ചു. പരാതികളുണ്ടായതോടെയാണ് ഓൺലൈൻ റിക്കാർഡുകൾ ഹാജരാക്കാൻ വി.സി ആവശ്യപ്പെട്ടത്. എന്നാൽ ഡിജിറ്റൽ രേഖയില്ലെന്നാണ് ചുമതലക്കാർ അറിയിച്ചത്. ഇതോടെ ഓപ്പൺ ഡിഫൻസിലെ സംവാദങ്ങൾക്കും നടന്ന വിവാദങ്ങൾക്കും തെളിവില്ലാതായി. സർവ്വകലാശാല ചട്ട പ്രകാരം ഓപ്പൺ ഡിഫൻസ് ഹൈബ്രിഡ് മോഡിൽ ഓൺലൈനായാണ് നടത്തേണ്ടത്. ഓപ്പൺ ഡിഫൻസിനെത്തിയവർ ഫോണിലെടുത്ത ഏതാനും വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.