മണപ്പുറം മാതൃക ഹാർവാഡിൽ പഠന വിഷയം
കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ വളർച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്നു. ഡോക്ടർ സന്ദീപ് കൃഷ്ണൻ(സി.ഇ.ഒ പീപ്പിൾ ബിസിനസ് ), ഡോക്ടർ രഞ്ജിത് നമ്പൂതിരി, അസീം ത്യാഗി എന്നിവർ ചേർന്ന് ' മണപ്പുറം ഫിനാൻസ് ലിമിറ്റഡ് : ബിൽഡ് ഓർ ബൈ ടാലന്റ് ' എന്ന ശീർഷകത്തിലുള്ള പഠനമാണ് ഹാർവാഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ശരിയായ അവസരം നൽകിയാൽ അസാധാരണ ഫലങ്ങൾ നേടാനാകുമെന്ന മാനേജിംഗ് ഡയറക്ടർ വി.പി നന്ദകുമാറിന്റെ ചിന്താഗതി എങ്ങനെയാണ് മണപ്പുറം ഫിനാൻസിനെ വിജയകരമായി മുന്നോട്ടു നയിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. നടപ്പുവർഷം ഓഗസ്റ്റ് 13ന് ഐ.വി പബ്ലിഷിംഗാണ് പഠനം പ്രസിദ്ധീകരിച്ചത്.
മണപ്പുറം ഫിനാൻസിന്റെ വളർച്ചാ തന്ത്രങ്ങളും വ്യാപാര മൂല്യങ്ങളും അഹമ്മദാബാദ് ഐ.ഐ.എമ്മിലും ലോകമെങ്ങുമുള്ള ബിസിനസ് സ്കൂളുകളിലും ചർച്ച ചെയ്യുന്നത് വലിയ അംഗീകാരമാണെന്ന് വി.പി നന്ദകുമാർ പറഞ്ഞു. ജീവനക്കാരുടെ പ്രതിജ്ഞാബദ്ധതയ്ക്കും നേതൃത്വ ശൈലിയ്ക്കും ലഭിച്ച അംഗീകാരമാണിതെന്ന് ഗ്രൂപ്പിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ പി.ആർ രഞ്ജിത് പറഞ്ഞു.