മത്സരിക്കുന്നവർക്ക് സാമാന്യബോധം വേണം : ഹൈക്കോടതി

Thursday 20 November 2025 12:41 PM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർക്ക് പക്വതയും സാമാന്യ ബോധവും ഉണ്ടാകണമെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രക്രിയയയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അത്യാവശ്യം അറിവ് വേണം. വിദ്യാഭ്യാസം കുറഞ്ഞയാളുകൾ പോലും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയതിനെ ചോദ്യം ചെയ്ത് യഥാസമയം കോടതിയെ സമീപിച്ച് പരിഹാരം കണ്ടിട്ടുണ്ട്. ഇത്തരം ഒരു കാലഘട്ടത്തിൽ സ്വന്തം പേര് പട്ടികയിലുണ്ടോയെന്ന് നോക്കാനുള്ള ബോധമെങ്കിലും സ്ഥാനാർത്ഥികളാകാൻ ഒരുങ്ങുന്നവർക്കുണ്ടാകണം.

മത്സരിക്കാൻ ഒരുങ്ങിയ ശേഷമാണ് പേര് പട്ടികയിലില്ലെന്ന് അറിയുന്നതെങ്കിൽ കൂടുതൽ നാണക്കേട് ഒഴിവാക്കാൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടി, സ്ഥാനാർത്ഥിയായി നിശ്ചയിച്ചവരടക്കം നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം.

കോഴിക്കോട്ട് മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് നിശ്ചയിച്ച സംവിധായകൻ വി.എം. വിനുവിന്റെ ഹർജി തള്ളിയശേഷം സമാനമായ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി . തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിച്ചതിനാൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് കരട് പട്ടികയിലും അന്തിമ പട്ടികയിലും പേരില്ലാത്തവരുടെ ഹർജികൾ തള്ളിയത്.