ബി.എൽ.ഒമാരെ തടഞ്ഞാൽ ക്രിമിനൽ കേസ്

Thursday 20 November 2025 12:52 AM IST

തിരുവനന്തപുരം: എസ്.ഐ.ആർ എന്യുമറേഷൻ ഫോമുമായെത്തുന്ന ബി.എൽ.ഒമാരെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ജോലി തടസ്സപ്പെടുത്തുകയോ ചെയ്താൽ ക്രിമിനൽ കേസെടുക്കും. ഭാരതീയ ന്യായസംഹിതയിലെ 121-ാം വകുപ്പ് ചുമത്തും. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ബി.എൽ.ഒമാർക്ക് പലയിടത്തും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിക്ക് തീരുമാനിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാപരമായ ജോലി ചെയ്യുന്നവരാണ് ബി.എൽ.ഒ.മാർ. പബ്ളിക് സർവ്വന്റിന്റെ അവകാശാധികാരങ്ങൾ ഉള്ളവർ.

ബി.എൽ.ഒമാർക്കെതിരെ വ്യാജവാർത്ത ചമയ്ക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും ചെയ്താൽ സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തും. ഐ.ടി.ആക്ട് അനുസരിച്ച് നടപടിയെടുക്കും. ബി.എൽ.ഒമാർക്ക് ജോലിതടസ്സമുണ്ടായാൽ പൊലീസിന്റെ അടിയന്തര ഇടപെടലിനും നിർദ്ദേശിച്ചിട്ടുണ്ട്.