കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ
കോഴിക്കോട്: മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റും പതിനഞ്ചു വർഷത്തോളം അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ മഹിജ തോട്ടത്തിലും അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ തോട്ടത്തിൽ ശശിധരനും ബി.ജെ.പിയിലേക്ക്. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണനിൽ നിന്ന് ഇരുവരും അംഗത്വമെടുത്തു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് ബി.ജെ.പിയിലേക്ക് എത്തിച്ചതെന്ന് മഹിജ പറഞ്ഞു. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയവും തമ്മിൽതല്ലും മനംമടുപ്പിച്ചെന്നായിരുന്നു ശശിധരൻ പറഞ്ഞത്. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ. ദിലീപ്, ജില്ല സെക്രട്ടറി പ്രീത പി .ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.
പാർട്ടിയുമായി സഹകരിക്കാത്തവർ: കോൺഗ്രസ് വടകര: ശശിധരൻ തോട്ടത്തിലും മഹിജ തോട്ടത്തിലും പാർട്ടി പ്രവർത്തനത്തിൽ കുറേകാലമായി സഹകരിക്കാറില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മഹിജ തോട്ടത്തിലിന് കോൺഗ്രസിന്റെ പ്രാഥമികാംഗത്വം വർഷങ്ങളായി ഇല്ല. രണ്ടുപേരെയും കോൺഗ്രസ് പലഘട്ടങ്ങളിൽ പഞ്ചായത്ത് മെമ്പർമാരാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി ഉപേക്ഷിച്ച് പോകുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് പ്രസ്താവനയിൽ പറഞ്ഞു.