ശബരിമലയിൽ മുന്നൊരുക്കം നടത്തിയെന്ന് പി.എസ് പ്രശാന്ത്

Thursday 20 November 2025 12:02 AM IST

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വന്തം നിലയിലും സർക്കാരുമായി ചേർന്നും ശബരിമലയിൽ തീർത്ഥാടന മുന്നൊരുക്കം നടത്തിയിരുന്നതായി മുൻ പ്രസിഡന്റ് പി. എസ് പ്രശാന്ത്. മന്ത്രി വി. എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ദർബാർ ഹോളിൽ മൂന്ന് അവലോകന യോഗം ചേർന്നുവെന്ന് പ്രശാന്ത് പറഞ്ഞു.

2023ൽ നിലയ്ക്കലിൽ 18 പാർക്കിംഗ് ഗ്രൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഗ്രൗണ്ടുകളുണ്ട്. കോടതിയുടെ അനുമതിയോടെ ഹിൽടോപ്പിലും ചക്കുപാലം ടൂവിലും ഇത്തവണ പാർക്കിംഗ് ഗ്രൗണ്ടുകൾ ഒരുക്കി.സംസ്ഥാന സർക്കാർ നിലയ്ക്കലിൽ 15 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന 8 കെട്ടിടങ്ങളിൽ അഞ്ച് എണ്ണത്തിന്റെ പണി പൂർത്തിയായി.

കിഫ്ബി ഫണ്ടിൽ നിന്ന് 49 കോടി ചെലവാക്കി നിർമ്മിക്കുന്ന ഏഴ് ഇരുനില കെട്ടിടങ്ങളിൽ അഞ്ചെണ്ണം പണി പൂർത്തിയായി. ഇത് ഭക്തർക്ക് വിരി വയ്ക്കുന്നതിനായി കൈമാറും. ഭക്തർക്ക് വിരി വയ്ക്കാനായി ജർമൻ പന്തൽ. കൂടാതെ ടാറ്റ നിർമ്മിച്ചു നൽകിയ അഞ്ച് വിരി ഷെഡുകളും നിലയ്ക്കലുണ്ട്. നബാർഡ് ഫണ്ടിൽ നിന്നും 84 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനം ചെയ്തു.

പമ്പയിൽ നടപ്പന്തലുകളുടെ എണ്ണം പത്തായി വർദ്ധിപ്പിച്ചു. 5000 പേർക്ക് ഈ പന്തലുകളിൽ വരിനിൽക്കുവാൻ കഴിയും. മരക്കൂട്ടം മുതൽ ശരംകുത്തി വരെ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത് 18 ക്യു കോംപ്ലക്സുകളാണ്.

അരവണ ബഫർ സ്റ്റോക്ക് 47ലക്ഷം ടിന്നുണ്ട്. ഒരു ദിവസത്തെ അരവണ നിർമ്മാണം ദിവസേന മൂന്നുലക്ഷം ടിൻ എന്ന നിലയിലേക്ക് എത്തിക്കാനായി. അപ്പത്തിന്റെ നിർമ്മാണം പ്രതിദിനം ഒന്നേകാൽ ലക്ഷമാക്കി.