വാതിലില്ലാത്ത ബസിൽനിന്ന് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: വാതിലില്ലാതെ അലക്ഷ്യമായി സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. എറണാകുളം ഗവ. ഗേൾസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഗ്ലാൻസി മേരിക്കാണ് (16) തലയിലടക്കം പരിക്കേറ്റത്.
ഇന്നലെ രാവിലെ വടുതല പള്ളി സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. വീഴ്ചയിൽ പല്ലുകൾ ഇളകി രക്തം വാർന്ന കുട്ടിയെ ആദ്യം ലൂർദ്ദ് ആശുപത്രിയിലും തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലും എത്തിച്ചു. ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയെ വൈകിട്ടോടെ നിരീക്ഷണ മുറിയിലേക്ക് മാറ്റി.
സ്കൂളിൽ പോകാൻ പച്ചാളത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് ചിറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'അതുല്യ' ബസിൽ വിദ്യാർത്ഥിനി കയറിയത്. തിരക്കു കാരണം ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് മകൾ യാത്ര ചെയ്യുന്നത് കണ്ട പിതാവ് ഗ്ലാൻസി രണ്ടു സ്റ്റോപ്പുകൾ വരെ ബൈക്കിൽ ബസിന് പിന്നാലെ പോയി. തുടർന്ന് ഓട്ടോ ഡ്രൈവറായ അദ്ദേഹം ജോലിക്ക് പോയി.
ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് ലൂർദ്ദ് ആശുപത്രിയിൽ നിന്ന് വിളിച്ച് മകൾക്ക് പരിക്കു പറ്റിയെന്ന് അറിയിച്ചതായി ഗ്ലാൻസി പറഞ്ഞു. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്തു.