യാത്രക്കാർക്ക് ഇരട്ടിസന്തോഷം, കൂടുതൽ വിസാ ഇളവുകൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
ദുബായ്: യുഎഇയിൽ നിന്നുമുള്ളവർക്ക് കൂടുതൽ വിസാ ഇളവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളിൽ കൂടി വിസ ഓൺ അറൈവൽ സംവിധാനം വരും. വിസ ഇല്ലാതെ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് വിസ എടുത്ത ശേഷം രാജ്യത്ത് എവിടെയും സഞ്ചരിക്കാൻ അനുവദിക്കുന്നതാണ് വിസ ഓൺ അറൈവൽ സംവിധാനം.
എന്നാൽ, ആദ്യമായി ഇന്ത്യയിൽ എത്തുന്ന യു.എ.ഇ പൗരന്മാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മാതാപിതാക്കളോ പൂർവികരോ പാകിസ്ഥാൻ സ്വദേശികൾ ആയിട്ടുള്ള യു.എ.ഇ പൗരന്മാരും ഈ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവർക്ക് സാധാരണ നിലയിൽ അപേക്ഷ സമർപ്പിച്ച് വിസ ലഭിച്ചാൽ മാത്രമേ ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയൂ.
ഇന്ത്യയിലെ ആറു വിമാനത്താവളങ്ങളിലാണ് യു.എ.ഇ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം ലഭിക്കുന്നത്. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവയാണ് അവ. ഇനിമുതൽ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ കൂടി യു.എ.ഇ പൗരന്മാർക്ക് വിസയില്ലാതെ എത്താം.
പാസ്പോർട്ടിന് ആറുമാസം കാലാവധി ഉണ്ടെങ്കിൽ മാത്രമേ വിസ ഓൺ അറൈവൽ ലഭിക്കുകയുള്ളൂ. 2000 രൂപയാണ് ഇത് ലഭിക്കുന്നതിനുള്ള ഫീസ്. ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കും ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കും എത്തുന്ന യു.എ.ഇ പൗരന്മാർക്കാണ് വിസ ഓൺ അറൈവൽ നൽകുന്നത്. ഒരു വർഷത്തിൽ എത്ര തവണ വേണമെങ്കിലും ഈ സംവിധാനം ലഭ്യമാകുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.