മെഡിക്കൽ സീറ്റ് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി പരസ്യം നൽകി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് ഹത്രാസ് സ്വദേശിയായ പ്രശാന്ത് അഗർവാളിനെയാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡൽഹി, നോയിഡ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 2020ൽ പരശുവയ്ക്കൽ സ്വദേശിയിൽ നിന്ന് മുംബയിലെ ഡി.വൈ. പാട്ടീൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്ര്. ഡി.വൈ. പാട്ടീൽ കോളേജ് ക്യാമ്പസിനകത്ത് വച്ച് ഇയാൾ പരശുവയ്ക്കൽ സ്വദേശിക്ക് വ്യാജ അഡ്മിഷൻ ലെറ്ററും നൽകിയിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി സുദർശനന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.