അന്തിമ വോട്ടർപട്ടികയിൽ പേരില്ല, കുറവൻകോണത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റി, കരമനയിലും സ്ഥാനാർത്ഥി മാറ്റം
Wednesday 19 November 2025 11:32 PM IST
തിരുവനന്തപുരം: പ്രചാരണം തുടങ്ങിയ രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മാറ്റി. കുറവൻകോണം, കരമന വാർഡുകളിലാണ് മാറ്റമുണ്ടായത്. ആർ.ജെ.ഡി സ്ഥാനാർത്ഥി കെ.ബി.സൗമ്യയെയാണ് കുറവൻകോണത്ത് നിന്ന് മാറ്റിയത്. അന്തിമ വോട്ടർപട്ടിക പരിശോധിച്ചപ്പോൾ ഇവർക്ക് വോട്ടില്ലെന്ന് അറിഞ്ഞതോടെയാണ് നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വാർഡ് കൺവെൻഷൻ നടക്കാനിരിക്കെയാണ് പിന്മാറ്റം. പുതിയ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും എൽ.ഡി.എഫ് വൃത്തങ്ങൾ അറിയിച്ചു.
കരമനയിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെയാണ് പ്രചാരണം തുടങ്ങി ഒരാഴ്ചക്കുശേഷം മാറ്റിയത്. കരമന രാജേഷിനെയാണ് സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് രാജേഷിനെ മാറ്റി പകരം നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ലോകേഷിനെ പുതിയ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കാരണം വ്യക്തമല്ല.