ക്ലിക്ക് ആകാതെ മലമ്പുഴ കാരവൻ ടൂറിസം പാർക്ക്

Thursday 20 November 2025 1:41 AM IST
മലമ്പൂഴ കാരവൻ ടൂറിസം പാർക്ക്

പാലക്കാട്: കെട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച മലമ്പുഴ കാരവൻ ടൂറിസം പാർക്ക് അടച്ചുപൂട്ടലിന്റെ വക്കിൽ. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതിയുടെ പ്രതിസന്ധിക്ക് കാരണം ടൂറിസം വകുപ്പിന്റെ നിസംഗതയാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവൻ പാർക്ക് മലമ്പുഴ അണക്കെട്ടിന് സമീപം കവ ഇക്കോ ക്യാംപ് ആൻഡ് കാരവൻ പാർക്ക് എന്ന പേരിൽ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ഒരു കാരവൻ പോലും എത്തുകയോ, പാർക്ക് ചെയ്യുകയോ ചെയ്തിട്ടില്ല. മന്ത്രി മുഹമ്മദ് റിയാസാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. മലമ്പുഴ ഡാമിന്റെയും വന-മലയോര മേഖലയുടെയും ഭംഗി ആസ്വാദിക്കാവുന്ന തരത്തിൽ കവയിൽ 12.5 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിച്ചത്. സ്വിമ്മിംഗ് പൂൾ, റെസ്റ്റോറന്റ്, കോഫി ഷോപ്പ്, താമസ സൗകര്യം, ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ, കുടിവെള്ളം, സ്വീവേജ് മാലിന്യ സംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവ പാർക്കിൽ ഒരുക്കിയിരുന്നു. ഒരേ സമയത്ത് ആറ് ക്യാംപർ വാനുകൾക്കും ആറ് കാരവനുകൾക്കും പാർക്ക് ചെയ്യാം. എന്നാൽ പാർക്കിൽ കാരവനോ, വിനോദസഞ്ചാരികളെയോ എത്തിക്കുന്നതിന് ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിലവിൽ മലമ്പുഴയിൽ സിനിമാ ഷൂട്ടിംഗ് സമയത്ത് വരുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്ന ഇടമായി കാരവൻ ടൂറിസം പദ്ധതി മാറിയിരിക്കുകയാണെന്നും ഉടമ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ വൻ വാഗ്ദാനങ്ങൾ വിശ്വസിച്ച് കാരവനും പാർക്കും തുടങ്ങാൻ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിച്ചത്. പാർക്ക് എട്ട് മാസത്തോളം ഉപയോഗശൂന്യമായി കിടക്കുന്നതിനിനാൽ കടക്കെണിയിലായിരിക്കുകയാണെന്നും ഉടമ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതിനാൽ നിലവിലെ സർക്കാരിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കുന്നില്ല. വരുന്ന സർക്കാരെങ്കിലും പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് ഉടമയുടെ ആവശ്യം.