ഇടതു സർക്കാരിന്റെ ദുർഭരണം തുറന്നു കാട്ടും: വി.ഡി.സതീശൻ

Thursday 20 November 2025 12:46 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണം ജനങ്ങൾക്ക് മുന്നിൽ യു.ഡി.എഫ് തുറന്നു കാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെ ജനങ്ങൾ അവരുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും. അതിന്റെ ഭാഗമായാണ് യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ കുറ്റപത്രം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫ് പ്രകടന പത്രിക 24ന് കൊച്ചിയിൽ പ്രകാശനം ചെയ്യും. അധികാര വികേന്ദ്രീകരണത്തിന്റെ വ്യക്തമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാറ്റങ്ങൾ ഇതിൽ പ്രഖ്യാപിക്കും. എൽ.ഡി.എഫിന്റെ കാലഘട്ടത്തിൽ നല്ല വികാസം വന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വികാസമുണ്ടായത് സി.പി.എമ്മുകാരുടെ പോക്കറ്റുകൾക്കാണ്.

ഈ സർക്കാരിന്റെ കാലത്താണ് ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയും ദ്വാരപാലക ശിൽപങ്ങളും കൊള്ളയടിച്ചത്. ഇതെല്ലാം 2019ലാണ് നടന്നത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഈ കൊള്ള .ഇതെല്ലാം അറിഞ്ഞിട്ടും മുൻ ദേവസ്വം ബോർഡും നിയമം ലംഘിച്ച് ദ്വാരപാലക ശിൽപങ്ങൾ പുറത്തേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. കേസന്വേഷിച്ച് കഴിയുമ്പോൾ മൂന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ അഴികൾക്കുള്ളിലാകും. ശരിയായ രീതിയിൽ അന്വേഷിച്ചാൽ മുൻ ദേവസ്വം മന്ത്രി ജയിലിലാകും.

ശബരിമലയിൽ ഇത്തവണ ഒരു വിധ മുന്നൊരുക്കങ്ങളും നടത്തിയില്ല. യു.ഡി.എഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പമ്പയിൽ പോയാണ് ഏകോപനം നടത്തിയത്. ഇപ്പോൾ പത്തും പതിനഞ്ചും മണിക്കൂർ ക്യൂ നിൽക്കേണ്ട അവസ്ഥ. കുടിവെള്ളം പോലുമില്ല. വൃത്തിഹീനമായ ശുചിമുറികളും മലിനമായ പമ്പയുമാണ് ശബരിമലയിലുള്ളത്. യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു.