സന്നിധാനത്ത് എൻ.ഡി.ആർ.എഫ് സംഘം ചുമതലയേറ്റു

Thursday 20 November 2025 12:56 AM IST

ശബരിമല : ശബരിമലയിൽ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സിന്റെ (എൻ.ഡി.ആർ.എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂർ റീജിയണൽ റെസ്‌പോൺസ് സെന്ററിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേസമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയിൽ നിന്നുള്ള 38 അംഗസംഘം ഇന്നലെ രാത്രിയോടെ എത്തി. തീർത്ഥാടകർക്ക് സി.പി.ആർ ഉൾപ്പടെ അടിയന്തരഘട്ട വൈദ്യസഹായം നൽകുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവർ. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചർ ഉൾപ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളിൽ അതിവേഗം ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവർ. കോൺക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എ.ഡി.എം, പൊലീസ് സ്‌പെഷ്യൽ ഓഫീസർ എന്നിവരുടെ നിർദ്ദേശാനുസരണം സംഘം പ്രവർത്തിക്കുമെന്ന് ടീം കമാൻഡറായ ഇൻസ്‌പെക്ടർ ജി.സി.പ്രശാന്ത് പറഞ്ഞു.