തരൂരിന്റെ മോദി സ്തുതി: അവഗണിക്കാൻ കോൺ.

Thursday 20 November 2025 12:56 AM IST

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂരിന്റെ മോദി സ്തുതിയെ അവഗണിക്കാൻ കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടെന്നാണ് സംസ്ഥാന നേതാക്കൾക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം ഡൽഹിയിൽ രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിൽ തരൂരിനെ സദസ്സിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കോൺഗ്രസ് മുസ്ലിം ലീഗ് മാവോവാദി പാർട്ടിയായെന്നും അർബൻ നക്‌സലുകളെ വളർത്തുകയാണെന്നും ആരോപിച്ചു. പാർട്ടിയുടെ നയങ്ങളെയും തുടർച്ചയായ തോൽവികളെയും വിമർശിച്ചു. പ്രധാനമന്ത്രി തന്നെക്കുറിച്ചും തന്റെ സർക്കാരിനെക്കുറിച്ചും നടത്തിയ അവകാശവാദങ്ങൾക്ക് തരൂർ കൈയ്യടിക്കുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി എക്‌സിൽ പോസ്റ്റ് പങ്കു വച്ചു. തരൂരിന്റെ നിലപാടിൽ കോൺഗ്രസിൽ കടുത്ത അമർഷമുണ്ട്. എന്നാൽ തരൂരിനെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകില്ലെന്നാണ് സൂചന. ഏതാനും മാസത്തിനിടെ നിരവധി തവണ തരൂർ മോദിയെയും ബി.ജെ.പിയെയും പുകഴ്‌ത്തി.. കോൺഗ്രസിനെ പ്രതിരോധത്തിലാക്കും വിധം പാർട്ടികളിലെ കുടുംബാധിപത്യത്തെ വിമർശിച്ച് ലേഖനവും എഴുതി. അതേസമയം, പ്രധാനമന്ത്രിയെ പുകഴ്ത്തി കുറിപ്പ് പങ്കു വച്ചതിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. ഇന്ത്യയുടെ വികസനം, ഉയർന്നുവരുന്ന മാതൃക, കൊളോണിയൽ മാനസികാവസ്ഥയെ മറികടക്കൽ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് അറിയിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി പ്രശംസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും തരൂർ വ്യക്തമാക്കി.