ശബരിമലയിൽ തിരക്കിന് ശമനം, ഇന്നലെ വരെ ദർശനം നടത്തിയത് മൂന്ന് ലക്ഷം തീർത്ഥാടകർ
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇന്നലെവരെ ദർശനം നടത്തിയത് മൂന്ന് ലക്ഷത്തിലധികം തീർത്ഥാടകർ. കഴിഞ്ഞ ദിവസം ഉണ്ടായ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്നലെ വൈകിയും കുറവ് ഉണ്ടായിട്ടില്ല. മഴയും പ്രതിബന്ധങ്ങളും അവഗണിച്ചാണ് തീർത്ഥാടകർ സന്നിധാനത്തേക്ക് ഇരുമുടിക്കെട്ടുമായി എത്തുന്നത്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്ക്കലിലും പമ്പയിലും തീർത്ഥാടകർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ ഇല്ലാതെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ സഞ്ചരിക്കാൻ അനുവദിക്കില്ല.
തിരക്ക് കൂടുന്ന അവസരങ്ങളിൽ പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ശരംകുത്തി, ജ്യോതിർ നഗർ എന്നിവിടങ്ങളിലൂടെയാണ് തീർത്ഥാടകരെ നടപന്തൽ വഴി സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്ക് കുറയുമ്പോൾ മരക്കൂട്ടത്തുനിന്ന് സ്വാമി അയ്യപ്പൻ റോഡിലൂടെയും തീർത്ഥാടകരെ സഞ്ചരിക്കാൻ അനുവദിക്കുന്നുണ്ട്. ഇന്നലെ മുതൽ മരംക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ഭാഗത്തെ ക്യൂ കോംപ്ലക്സുകളിലേക്ക് തിരക്കുള്ളപ്പോൾ ഭക്തരെ കയറ്റിയിരുത്തി. പമ്പ മുതൽ നടപ്പന്തൽ വരെയുള്ള ഭാഗത്ത് ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്തു. ഇതിനായ് കഴിഞ്ഞ ദിവസം 250 താൽക്കാലിക ജീവനക്കാരെ കൂടി നിയമിച്ചു. ഇതോടെ ജീവനക്കാരുടെ എണ്ണം 600ആയി. രാത്രിയിൽ സന്നിധാനത്ത് പെയ്യുന്ന മഴ തീർത്ഥാടകർക്ക് ദുരിതമാകുന്നുണ്ട്. മഴ പെയ്യുന്നതോടെ വിരിവെക്കാനം വിശ്രമിക്കാനുമായി നിർമ്മിച്ചിട്ടുള്ള ഭാഗങ്ങളിൽ ചെള്ളിവെള്ളം നിറയുന്നതാണ് തീർത്ഥാടകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രസാദ വിതരണത്തിന് നിയന്ത്രണമില്ല
തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചെങ്കിലും അരവണയും അപ്പവുമുൾപ്പടെയുള്ള പ്രസാദങ്ങൾ വിതരണം ചെയ്യുന്നതിനും അന്നദാനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. തിരക്ക് നിയന്ത്രണത്തിനായി കേന്ദ്ര ദുരന്ത നിവാരണ സേനയും ദ്രുതകർമ്മ സേനയും ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തി.
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് സുഖവും സുരക്ഷിതവുമായ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എ.ഡി.ജി.പി എസ്.ശ്രീജിത്ത്
വിവിധ ദിവസങ്ങളിൽ ദർശനം നടത്തിയ തീർത്ഥാടകർ
16ന് : 53,278,
17ന് : 98,915,
18ന് : 81,543,
19ന് : 64,574 (വൈകിട്ട് അഞ്ച് വരെ)