ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: അറ്റകുറ്റപ്പണിക്ക് ലക്ഷദീപംവരെ കാക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Thursday 20 November 2025 12:01 AM IST

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെ ഉൾപ്പെടെ അറ്റകുറ്റപ്പണിക്ക് ലക്ഷദീപച്ചടങ്ങ് തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മുഖ്യ തന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള പണികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പ്രധാനമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. അറ്റകുറ്റപ്പണിക്ക് സമ്മതമറിയിക്കുന്ന ശില്പികളുടെ വിവരവും ആവശ്യമായ സാമഗ്രികളുടെ അളവും വിശദമാക്കി ഡിസംബർ 10 ന് റിപ്പോർട്ട് സമർപ്പിക്കാനും ക്ഷേത്ര ഭരണസമിതിയോട് കോടതി നിർദ്ദേശിച്ചു.

അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് ലഭിച്ചതായി ഭരണസമിതി കോടതിയെ അറിയിച്ചു. അഞ്ച് ശില്പികളുടെ പട്ടികയും നൽകി. ഇവരുടെ സമ്മതം ചോദിച്ച് കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.

ക്ഷേത്ര വിശുദ്ധി പാലിച്ച് പണി പൂർത്തിയാക്കണമെന്ന് കോടതി പറഞ്ഞു. ലക്ഷദീപച്ചടങ്ങ് അവസാനിക്കുന്ന ജനുവരി 14ന് ശേഷം പണിതുടങ്ങാനാണ് ആലോചനയെന്ന് ഭരണസമിതി വിശദീകരിച്ചപ്പോഴാണ് അത്രയും കാത്തിരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.

പ്രധാന വിഗ്രഹത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ. ആർ. രാജശേഖരൻ പിള്ള ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നടപടികൾ കോടതി മേൽനോട്ടത്തിൽ വേണമെന്ന ഉപഹർജിയും ഹർജിക്കാർ നൽകിയിരുന്നു. ക്ഷേത്രോപദേശക സമിതി മേൽനോട്ടം വഹിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കി.