'ദേശപ്പോരിൽ' പൊരിഞ്ഞ് ചൂടൻ ചർച്ച

Thursday 20 November 2025 12:13 AM IST

കൊല്ലം: തദ്ദേശ തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ളബ് സംഘടിപ്പിച്ച 'ദേശപ്പോര്' രണ്ടാം ദിനവും ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും ജില്ലാ പഞ്ചായത്തംഗമായ കോൺഗ്രസിലെ ബ്രിജേഷ് എബ്രഹാമും ആദ്യ ദിനത്തിൽ പങ്കെടുത്തപ്പോൾ തന്നെ വികസന നേട്ടങ്ങളും കോട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ ആദ്യ രണ്ടര വർഷം പ്രസിഡന്റായിരുന്ന സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സാം.കെ.ഡാനിയേലും ആർ.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ സി.പി.സുധീഷ് കുമാറുമാണ് ഇന്നലെ പങ്കെടുത്തത്. ഭരണഘടനാ സാക്ഷരതയിലൂടെ രാജ്യത്തിന് മാതൃകയായ ജില്ലാ പഞ്ചായത്തിനെപ്പറ്റിയാണ് സാം.കെ.ഡാനിയേൽ തുടങ്ങിവച്ചത്. കൊവിഡ് കാലത്ത് ഏറെ വെല്ലുവിളികളെ അതിജീവിച്ച് അധികാരത്തിലേറിയ ഭരണസമിതിക്ക് ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിക്കാനായി. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ എസ്റ്റേറ്റുള്ള ജില്ലയായി മാറ്റിയെടുക്കാൻ കഴിഞ്ഞതും മാലാഖക്കൂട്ടവും ആർദ്രതീരവും സ്വപ്നക്കൂടും തണ്ണീർ പന്തലും ജീവനവും തുടങ്ങി പദ്ധതികളുടെ നീണ്ട നിരകളും സാം.കെ.ഡാനിയേൽ കുറഞ്ഞ സമയത്തിൽ അവതരിപ്പിച്ചു.

അവാർഡുകൾക്കുവേണ്ടി മാത്രമുള്ള പദ്ധതികളാണെന്ന് തലേദിവസം ബ്രിജേഷ് എബ്രഹാം പറഞ്ഞത് സി.പി.സുധീഷ് കുമാർ ആവർത്തിച്ചു. പദ്ധതികൾ കൊണ്ടുവരുന്നത് സ്വാഗതാർഹമാണെങ്കിലും അതൊന്നും വിജയിപ്പിക്കാനോ നിലനിറുത്താനോ ഭാരവാഹികൾ ശ്രമിച്ചിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. കുറച്ച് പേർക്ക് വീടെന്ന സ്വപ്നം നൽകിയ 'സ്വപ്നക്കൂട്' പദ്ധതിവഴി ഒരാൾക്കുപോലും വീട് നൽകാനായില്ലെന്നത് സങ്കടത്തോടെയാണ് സി.പി.സുധീഷ് കുമാർ പറഞ്ഞത്. ഓട്ടിസം ബാധിച്ചവരെ പുനരധിവസിപ്പിക്കാനുള്ള ആർദ്രതീരം പദ്ധതിയും നടപ്പാക്കാൻ കഴിഞ്ഞില്ല. സ്വപ്നക്കൂട് പദ്ധതിക്കായി 2.88 കോടി രൂപയും 1.44 കോടി രൂപയും രണ്ട് ഘട്ടങ്ങളായി ഭവന നിർമ്മാണ ബോർഡിൽ നിക്ഷേപിച്ചുവെന്നും പദ്ധതി നടപ്പാക്കാൻ ഇനിയും കഴിയുമെന്നുമായിരുന്നു സാം.കെ.ഡാനിയേലിന്റെ മറുവാദം. ആർദ്രതീരം പദ്ധതിക്ക് ഭൂമി വാങ്ങാൻ പണം അനുവദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് തടസമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രണ്ടര വർഷത്തെ വീതം വയ്പുകൾ വികസനത്തെ ബാധിക്കാറില്ലെന്നും വികസന തുടർച്ചയുണ്ടാകുന്നതായും മുൻ പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് തുടർന്നും ഭരണമുണ്ടാകുമെന്നും യു.ഡി.എഫ് ഭരണം പിടിച്ചെടുക്കുമെന്നും കാര്യകാരണങ്ങൾ സഹിതം വ്യക്തമാക്കിയാണ് ഇരുവരും ദേശപ്പോരിലെ ചർച്ചകൾക്ക് വിരാമമിട്ടത്. മാദ്ധ്യമ പ്രവർത്തകരും ചോദ്യങ്ങളാൽ സംവാദത്തിൽ സജീവമായി. പ്രസ് ക്ളബ് എക്സി.അംഗം എ.കെ.എം.ഹുസൈൻ മോഡറേറ്ററായി. പ്രസിഡന്റ് ഡി.ഹരികൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം എന്നിവർ സംസാരിച്ചു.