ഓട്ടോ ഡ്രൈവറുടെ മരണം, യുവതിയെ വിട്ടയച്ചു
കൊല്ലം: യുവാവായ ഓട്ടോറിക്ഷ ഡ്രൈവർ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയെ വെറുതെ വിട്ടു. കുളത്തൂപ്പുഴ വില്ലുമല ഡീസന്റ് മുക്ക് ടി.എസ് ഭവനിൽ തുളസിഭായിയുടെ മകൻ ദിനേശ് (26) മരിച്ച കേസിലാണ് തിങ്കൾകരിക്കകം വടക്കേ ചെറുകര രശ്‌മി നിവാസിൽ രശ്‌മി.എസ്.ചന്ദ്രനെ (30) കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്‌ജി എസ്.ശ്രീരാജ് വിട്ടയച്ചത്.
പൊലീസ് പറയുന്നത്: 2020 സെപ്‌തംബർ 11ന് ഉച്ചയ്‌ക്ക് 2.30 നാണ് ദിനേശിനെ രശ്‌മിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിനേശും രശ്‌മിയും തമ്മിൽ അടുപ്പത്തിലായിരുന്നു. സംഭവ ദിവസം രശ്‌മിയുടെ വീട്ടിലെത്തിയ ദിനേശ് യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് വഴക്കുണ്ടാക്കി മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. യുവതി പിടിച്ചുതള്ളിയതിനെ തുടർന്ന് തലയിടിച്ച് നിലത്ത് വീണ ദിനേശ് തൽക്ഷണം മരിച്ചു.
പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാനും ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനും പ്രോസിക്യൂഷനായില്ലെന്ന നിരീക്ഷണത്തിലാണ് കോടതി പ്രതിയെ വിട്ടയച്ചത്. അഭിഭാഷകരായ മനോജ് രാജഗോപാൽ, ഷീന കുമാരൻ എന്നിവർ കോടതിയിൽ ഹാജരായി.