കെ.എസ്.ഇ.ബി പെൻഷണേഴ്സ് മാർച്ച് നടത്തി
തിരുവനന്തപുരം:ആനുകൂല്യനിഷേധത്തിനും പെൻഷൻ പ്രതിസന്ധിക്കുമെതിരെ കെ.എസ്.ഇ.ബി പെൻഷണേഴ്സ് കൂട്ടായ്മ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. രണ്ടായിരത്തിലധികം പേർ മാർച്ചിൽ പങ്കെടുത്തു. മണിയാർ പദ്ധതി സ്വകാര്യവൽക്കരിക്കാൻ എറണാകുളം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായി ധർണ ഉദ്ഘാടനം ചെയ്ത എൻ.കെ പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വകമാറ്റിയ പെൻഷൻ ഫണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ തിരിച്ചടയ്ക്കാൻ സർക്കാരും മാനേജ്മെന്റും തയ്യാറായില്ലെങ്കിൽ കെ.എസ്.ഇ ബിയിൽ പെൻഷൻ മുടങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിങ് സെക്രട്ടറി ഇ.പി ശ്രീദേവി,ട്രഷറർ പി.സോമരാജൻ,വൈസ് പ്രസിഡന്റ് സി.എസ് സനൽകുമാർ,മുൻ ജനറൽ സെക്രട്ടറി എ.വി വിമൽച്ചന്ദ് എന്നിവർ പങ്കെടുത്തു.