സി.എസ്.ഐ ബിഷപ്പ് തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയിൽ പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മഹായിടവകയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ കാര്യനിർവ്വഹണ സമിതിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 2026 ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ്.
ബിഷപ്പുമാരായി തിരഞ്ഞെടുക്കാനുള്ള നാല് പേരെ കണ്ടെത്തുന്നതിനായി ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു.മഹായിടവകയിൽ 50 വയസിന് മുകളിൽ പ്രായമുള്ള വൈദികരിൽ നിന്നാണ് നാലു പേരെ തിരഞ്ഞെടുക്കുക. നാലിൽ കൂടുതൽ ആളുകളുടെ പേരുകൾ ഫെബ്രുവരി 14ന് നടക്കുന്ന മഹായിടവക കൗൺസിലിൽ ഉയർന്നുവന്നാൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്തും. മഹായിടവകയുടെ 80 ഡിസ്ട്രിക്ടുകളിൽ നിന്നുള്ള ഓരോ പ്രതിനിധികൾക്കും വൈദികരിൽ നിന്നുള്ള 40 പേർക്കും വിവിധ ബോർഡ് ഭാരവാഹികൾക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. തിരഞ്ഞെടുത്ത നാല് വൈദികരുടെ പേരുകൾ സഭാ സിനഡിന് കൈമാറും. സിനഡ് തിരഞ്ഞെടുക്കുന്നവരെ ബിഷപ്പായി നിയമിക്കും.
സി.എസ്.ഐ ദക്ഷിണകേരള മഹായിടവക മോഡറേറ്റർ കമ്മിസറി ബിഷപ്പ് തിമോത്തി രവീന്ദർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ.പ്രിൻസ്റ്റൺ ബെൻ, സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ, ട്രഷറർ ഡോ.ക്രിസ്റ്റൽ ജയരാജ്, ജോയിന്റ് വൈസ് ചെയർമാൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. സാധുജന സംരക്ഷണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള സപ്തപദ്ധതികൾ പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു.