ജീവനെടുക്കരുത് SIR
തീവ്രവോട്ടർ പട്ടിക പരിഷ്കരണം എന്നത് കള്ളവോട്ട് തടയാനുള്ള പരിശോധനയാണ്. എന്നാൽ ബി.എൽ.ഒമാരെ സംബന്ധിച്ച് ഇതൊരു പരീക്ഷണമാണ്. എന്താണ് ബി.എൽ.ഒമാർ നേരിടുന്ന പ്രശ്നം? എന്താണ് ഇതിനുള്ള പരിഹാരം? ഒരു അന്വേഷണം ----------------------------------------------------------------------------------------------------------------------------------------------
എസ്.ഐ.ആർ എന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സുപ്രീംകോടതിവരെ എത്തിയതും രാഷ്ട്രീയതാത്പര്യം മുൻനിറുത്തി പ്രമുഖ പാർട്ടികൾ പ്രതിഷേധമുയർത്തിയതുമാണ് ഇതിനുകാരണം. എന്നാൽ, സംസ്ഥാനത്തെ നിലവിലെ വിവാദത്തിന് കാരണം മറ്റൊന്നാണ്. എസ്.ഐ.ആർ ഫോമുമായി വീട്ടിലെത്തുന്ന ബി.എൽ.ഒമാർ നേരിടുന്ന മാനസിക സമ്മർദ്ദമാണ് അത്. സമ്മർദ്ദം താങ്ങാനാകാതെ അനീഷ് ജോർജ് എന്ന 44കാരൻ ജീവനൊടുക്കിയെന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്.
നാട്ടുകാരുടെ സംശയങ്ങൾ അതിജീവിക്കുന്നതിനൊപ്പം എസ്.ഐ.ആർ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മിഷൻ നടത്തുന്ന നീക്കങ്ങളുമായി സഹകരിക്കണമെന്ന ഭാരിച്ച ഉത്തരവാദിത്വവും ബി.എൽ.ഒമാർക്കുണ്ട്.
അതേസമയം, ശുദ്ധമായ വോട്ടർ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറ. വോട്ടർപട്ടിക കാലാകാലങ്ങളിൽ പുതുക്കേണ്ടത് അനിവാര്യമാണ്. സാധാരണ എല്ലാവർഷവും ചെയ്തുവരുന്ന സ്പെഷ്യൽ സമ്മറി റിവിഷൻ പോലെയോ തിരഞ്ഞെടുപ്പ് സമയങ്ങളിൽ പരിശോധനയ്ക്കും സ്ലിപ് വിതരണത്തിനും പോകുന്നതു പോലെയോ അല്ല എസ്.ഐ.ആർ. അത് സമഗ്രമാണ്. അതുകൊണ്ടുതന്നെ അത് യഥാസമയം പൂർത്തിയാക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ബി.എൽ.ഒമാരുടെ ജോലി ബൂത്ത് തലത്തിൽ പ്രവർത്തിച്ച് വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ മുഖ്യ പങ്കാളികളാകുന്നവരാണ് ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ). സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ അവരുടെ ഉദ്യോഗത്തിനു പുറമെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണിത്. ബൂത്തിലെ വീടുകൾ സന്ദർശിച്ച്, എന്യുമറേഷൻ ഫോം നൽകി, അവ പൂരിപ്പിച്ച് തിരികെ വാങ്ങി, മൊബൈൽ ആപ്പിൽ ഡാറ്റ എൻട്രി നടത്തി ഫോട്ടോ ഉൾപ്പെടെ സ്കാൻ ചെയ്യേണ്ട ജോലിയാണ് ബി.എൽ.ഒമാരുടേത്. വിവരങ്ങൾ എൻട്രി ചെയ്യുമ്പോൾ 2002ലെ എസ്.ഐ.ആർ പട്ടിക 2025ലെ പുതിയ പട്ടികയുമായി ഒത്തുനോക്കണം.
ജോലിസമ്മർദ്ദം അതത് ദിവസത്തെ ഡാറ്റ സ്കാൻ ചെയ്ത് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. എന്നാൽ സ്കാൻ ചെയ്യാൻ പ്രത്യേക ഉപകരണങ്ങളോ ഡാറ്റ എൻട്രി ചെയ്യാൻ കൂടുതൽ ജീവനക്കാരോ ഇല്ല. ഇന്റർനെറ്റിന്റെ പ്രശ്നവും ഉണ്ട്. വൈകിയാൽ മുതിർന്ന ഉദ്യോഗസ്ഥരോട് ഉത്തരം പറയേണ്ടിയും വരും. മാത്രമല്ല, പലതവണ കയറിയിറങ്ങിയ ശേഷമാണ് വീടുകളിൽ ഫോം വിതരണം ചെയ്യുന്നത്. ഇതിന്റെ പുരോഗതി ബി.എൽ.ഒ ആപ്പിൽ രേഖപ്പെടുത്തണം. ഇല്ലെങ്കിൽ അതും സമ്മർദ്ദത്തിന് കാരണമാകും.
എന്യുമറേഷൻ ഫോം ഘട്ടംഘട്ടമായാണ് അച്ചടിക്കുന്നത്. ഒരുവീട്ടിലെ എല്ലാ വോട്ടർമാർക്കും ഫോം ഒരുമിച്ച് കിട്ടണമെന്നില്ല. ഒരാൾക്ക് മാത്രമായി നൽകിയാൽ മറ്റുള്ളവർക്ക് സംശയമായി. ബി.എൽ.ഒ നൽകുന്ന ഉത്തരം അവർ വിശ്വസിക്കില്ല. ഇതും ഇക്കൂട്ടരെ വെള്ളംകുടിപ്പിക്കും. ബീഹാർ സംഭവത്തെത്തുടർന്ന് എസ്.ഐ.ആറിനെ രാഷ്ട്രീയപാർട്ടികൾ സംശയത്തോടെയാണ് നോക്കുന്നത്. അതിനാൽ ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ) സഹകരിക്കില്ല. മറ്റ് പാർട്ടികളിലെ ബി.എൽ.എമാരുമായി ഫോം വിതരണത്തിനിറങ്ങിയാൽ ഭീഷണിയും സഹിക്കേണ്ടിവരും.
ഫോം വിതരണത്തിന് 25വരെ സമയമുണ്ടെങ്കിലും ഒരുമിച്ച് അച്ചടിച്ച് കിട്ടാത്തതിനാൽ ഒരുവീട്ടിൽ തന്നെ പലതവണ കയറിയിറങ്ങേണ്ടിവരും. 2002ലെ വോട്ടർപട്ടികയിൽ പലർക്കും വിവരങ്ങൾ ലഭ്യമാകാത്ത പ്രശ്നവുമുണ്ട്. ഇപ്പോഴത്തെ വോട്ടർപട്ടികയിൽത്തന്നെ വീട് വിട്ടുപോയവർ, വിവാഹംകഴിച്ച് പോയവർ, ബൂത്ത് മാറിപ്പോയിവർ എന്നിവരുണ്ടാകും. പലരും ദൂരസ്ഥലങ്ങളിൽ നിന്നു വിളിച്ച് ഫോം ആവശ്യപ്പെടും. അത് വിതരണം ചെയ്യാനുള്ള ടെൻഷൻ വേറെ. ഇതിനുപുറമെയാണ് 15നു മുമ്പ് വിതരണം പൂർത്തിയാക്കണമെന്ന് പറഞ്ഞുള്ള ഇ.ആർ.ഒമാരുടെ സമ്മർദ്ദം. ഡെപ്യൂട്ടികളക്ടർമാരാണ് ഇ.ആർ.ഒ.മാർ. സർക്കാർ ഓഫീസിലെ പതിവ് ജോലികളും ഇവർ ചെയ്യേണ്ടിവരും. പലരും വില്ലേജ് ഓഫീസിലും മറ്റുമാണ് ജോലി ചെയ്യുന്നത്. മറ്റ് ജീവനക്കാർ തദ്ദേശ ഇലക്ഷൻ ജോലിക്ക് പോകുന്നതോടെ സർക്കാർ ഓഫീസിലെ പതിവ്ജോലിഭാരവും വർദ്ധിക്കും.
പരിഹാരം ഇന്റർനെറ്റ് സൗകര്യം കുറഞ്ഞയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സാവകാശം നൽകണം കാര്യക്ഷമത കുറഞ്ഞവർക്ക് സഹായികളെ നിയോഗിക്കണം കൂടുതൽ യാത്ര ചെയ്ത് വീടുകൾ കയറേണ്ടിവരുന്നയിടങ്ങളിൽ വാഹനസൗകര്യം ഏർപ്പെടുത്തണം മലയോര മേഖലകളിൽ ബൂത്തുകൾ വിഭജിച്ച് നൽകണം രാഷ്ട്രീയപ്രതിനിധികളായ ബി.എൽ.എമാരുടെ സേവനം ഉറപ്പാക്കണം ഇതിനായി രാഷ്ട്രീയപാർട്ടി പ്രവർത്തകർക്ക് ബോതവത്കരണം നൽകണം രാഷ്ട്രീയ സമ്മർദ്ദമുണ്ടാകുന്നെന്ന് അറിയിച്ചാൽ ഇടപെടണം
ജനം ആശങ്കയിൽ എസ്.ഐ.ആർ ഫോം എങ്ങനെ പൂരിപ്പിക്കണമെന്ന് അറിയാത്തതാണ് ജനത്തിന്റെ പ്രശ്നം. പൂരിപ്പിക്കണമെങ്കിൽ 2002ലെ വോട്ടർപ്പട്ടികയിലെ വിവരങ്ങൾ വേണം. അത് മലയാളത്തിൽ ടൈപ്പ് ചെയ്താലേ കിട്ടുള്ളൂ. അത് പലർക്കും കഴിയുന്നില്ല. ബി.എൽ.ഒ.മാരുടെ സേവനം എപ്പോഴും കിട്ടണമെന്നില്ല. പലരും വീടും ബൂത്തും നിയോജകമണ്ഡലവുമൊക്കെ മാറിപ്പോയതിനാൽ എന്യുമറേഷൻ ഫോം കിട്ടാത്തതും പ്രശ്നമാണ്. പലനിയോജകമണ്ഡലങ്ങളുടെ പേരുപോലും മാറിയിട്ടുണ്ട്. ഉദാഹരണത്തിന് എറണാകുളത്തെ പള്ളുരുത്തി നിയോജകമണ്ഡലം ഇന്ന് കൊച്ചിയാണ്. അന്നത്തെ ബൂത്തുകൾ ഏതാണെന്ന് കണ്ടത്താൻ പ്രയാസമാണ്.
അടിയന്തര നടപടിയുണ്ടാകും: രത്തൻ യു.ഖേൽക്കർ
തദ്ദേശതിരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ നടത്തുന്നത് ബൂത്ത് ലെവൽ ഓഫീസർമരുടെ ജോലിഭാരം കൂട്ടിയിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഇലക്ഷൻ കമ്മിഷൻ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. അമിതജോലിയുള്ളയിടങ്ങളിൽ കൂടുതൽ സഹായികളെ നിയോഗിക്കാനും നിയമാനുസൃതമായി സാവകാശം നൽകാനും നടപടിയെടുത്തിട്ടുണ്ട്. പരാതികളില്ലാതെയും എല്ലാവരുടെയും സഹകരണത്തോടെയും എസ്.ഐ.ആർ പൂർത്തിയാക്കുകയാണ് ലക്ഷ്യം. എനുമറേഷൻ ഫോം വിതരണം ഇതിനകം 96% പൂർത്തിയായി. പൂരിപ്പിച്ച എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്ന ജോലിയാണ് ഇനിയുള്ളത്. ഡിസംബർ നാലുവരെ അതിന് സാവകാശമുണ്ട്. അത് പൂർത്തിയാക്കാനും ബി.എൽ.ഒമാരുടെ ജോലി എളുപ്പമാക്കാനും പുതിയ സംവിധാനം ഏർപ്പെടുത്തും.ഇതിനായി പ്രത്യേക ക്യാമ്പുകൾ സ്ഥാപിക്കൽ, പ്രാദേശിക ലോജിസ്റ്റിക് പിന്തുണ നൽകൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ബി.എൽ.ഒമാരെ സഹായിക്കുന്നതിന് സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ജില്ലാകളക്ടർമാർ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
25,524 സംസ്ഥാനത്ത് ബി.എൽ.ഒ.മാർ
സംസ്ഥാനത്തെ വോട്ടർമാർ 3 കോടിയിലേറെ