സർക്കാരിന്റെ തെങ്ങിൻതൈ വിതരണ പദ്ധതി മുരടിപ്പിൽ
കൃത്യസമയത്ത് എത്തില്ല, വാങ്ങാനാളില്ല
കൊച്ചി: കേരളത്തെ കേരം തിങ്ങും നാടായി നിലനിറുത്താനുള്ള സംസ്ഥാന സർക്കാരിന്റെ 'ഒരുവാർഡിൽ ഒരുവർഷം 75 തെങ്ങിൻതൈകൾ" പദ്ധതി മുരടിപ്പിൽ. പദ്ധതിയുടെ ഭാഗമായി തൈകൾ വിതരണം ചെയ്‌തെന്ന് കൃഷിവകുപ്പും സർക്കാരും അവകാശപ്പെടുമ്പോഴും പലയിടത്തും തൈകൾ ലഭ്യമല്ല. 2025-26 വർഷത്തിൽ 5.5കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
കാലം തെറ്റി കൃഷിഭവനുകളിലെത്തിക്കുന്ന ദശലക്ഷക്കണക്കിന് തൈകൾ വാങ്ങാൻ ആളില്ലാത്തതും പദ്ധതി മുരടിക്കാൻ കാരണമായി. കൃഷിഭവനുകൾ മുഖേന കണക്കെടുത്തശേഷം തൈകളെത്തിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. ഇത് കൃഷിഭവനുകളിൽ തെങ്ങിൻതൈകൾ കുന്നുകൂടുന്ന അവസ്ഥയിലേക്ക് നയിച്ചു. ഇവ അവിടെക്കിടന്ന് നശിക്കും. തൈകളുടെ പരിപാലനം സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി വിവരം രേഖപ്പെടുത്തണമെന്നുണ്ടെങ്കിലും അതും നടപ്പായില്ല.
2018ലാണ് പദ്ധതി ആരംഭിച്ചത്. പത്തുവർഷത്തിനുള്ളിൽ രണ്ടു മുതൽ മൂന്നുകോടിവരെ തെങ്ങിൻതൈകൾ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ, 2025 ഒക്ടോബർ വരെ 70.42 ലക്ഷം തൈകൾ മാത്രമാണ് വിതരണം ചെയ്യാനായതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ആയിരത്തിലേറെ കൃഷിഭവനുകളിൽ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് തൈവിതരണം സുഗമമായി നടന്നത്. നാളികേര വികസന കൗൺസിൽ മുഖേന ഹൈബ്രിഡ്, നാടൻ, ഡബ്ല്യു.സി.ടി, കുറിയ ഇനം തെങ്ങിൻതൈകളാണ് വിതരണം ചെയ്യുന്നത്.
ഗുണമേന്മയില്ലാത്തതും
ആദ്യവർഷം പദ്ധതിക്ക് നല്ല പ്രതികരണമായിരുന്നു. പിന്നീട് മന്ദഗതിയിലായി. ഇത്തവണ മാർച്ചിൽ കൃഷിഭവനുകളിൽ എത്തിക്കേണ്ട തെങ്ങിൻതൈകൾ ജൂലായ്- ആഗസ്റ്റ് മാസങ്ങളിലാണ് പലയിടത്തും എത്തിയത്. ചിലയിടത്ത് ആവശ്യത്തിലധികം തെങ്ങിൻതൈകൾ എത്തി. ഇവയിൽ പലതും ഗുണമേന്മയില്ലാത്തതാണെന്ന പരാതിയുള്ളതായി പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്നു.
തെങ്ങിൻ തൈ, വില, സബ്‌സിഡി നിരക്ക്
ഹൈബ്രിഡ് തെങ്ങിൻതൈ: 250- 125 നാടൻ: 100- 50 ഡബ്ല്യു.സി.ടി: 100- 50 കുറിയ ഇനം: 100- 50