കാടും മലയും താണ്ടി പത്രികാ സമർപ്പണം, ഇടമലക്കുടിയിൽ നിന്ന് മൂന്നാറിലേക്ക്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നത് കാടുംമലയും താണ്ടി 45 കിലോമീറ്റർ വരെ പിന്നിട്ട് മൂന്നാറിലെത്തി. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പത്രിക സമർപ്പിക്കാമെങ്കിലും അവിടത്തെ സൗകര്യക്കുറവാണ് സ്ഥാനാർത്ഥികളെ ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത്. മൂന്നാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നത്.
ഇവിടെ എത്താൻ വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും വനത്തിലൂടെ 15 കിലോമീറ്റർ നടന്ന് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ എത്തണം. അവിടെ നിന്ന് 30കിലോമീറ്റർ ദുർഘടപാതയിലൂടെ ഫ്രണ്ട് ആക്സിലുള്ള ജീപ്പിൽ സാഹസികമായി സഞ്ചരിക്കണം.
ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒരു അസിസ്റ്റന്റ് വരണാധികാരിയുണ്ടെങ്കിലും അവിടത്തെ ഇന്റർനെറ്റ് സംവിധാനമടക്കം തീരെ ദുർബലമാണ്. പത്രികയോടൊപ്പം സമർപ്പിക്കേണ്ട ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകേണ്ട ഉദ്യോഗസ്ഥരില്ല. ഏതെങ്കിലും സർട്ടിഫിക്കറ്റിന് സാക്ഷ്യപ്പെടുത്തൽ ആവശ്യമായി വന്നാൽ ഗസറ്റഡ് ഓഫീസറുമില്ല. ഈ റിസ്ക്കെടുക്കാൻ മടിച്ചാണ് സ്ഥാനാർത്ഥികൾ എല്ലാ സൗകര്യങ്ങളുമുള്ള മൂന്നാറിലേക്ക് വച്ചുപിടിക്കുന്നത്.
പഴയ വാർഡ്,
ഇന്ന് പഞ്ചായത്ത്
വന്യജീവി സങ്കേതത്തിനുള്ളിൽ 8 മുതൽ 15 കിലോമീറ്റർവരെ അകലത്തിൽ 23 ഉന്നതികളായി ചിതറിക്കിടക്കുന്ന ഇടമലക്കുടി മുമ്പ് ദേവികുളം പഞ്ചായത്തിലെ ഒരു വാർഡായിരുന്നു. 2010ലാണ് സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവർഗ പഞ്ചായത്ത് എന്നപേരിൽ ഈ വാർഡിനെ 13 വാർഡുകളുള്ള (നിലവിൽ 14) സമ്പൂർണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്.