പത്രിക സമർപ്പണം നാളെ വരെ , ഇനി വോട്ട് മൂഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികാസമർപ്പണം നാളെ പൂർത്തിയാവുന്നതോടെ തദ്ദേശപ്പോരിന്റെ ഗോദയൊരുങ്ങും. 22നാണ് സൂക്ഷ്മപരിശോധന. 24 വരെ പത്രിക പിൻവലിക്കാം. അതോടെ പോരാളികളുടെ പൂർണചിത്രം വ്യക്തമാകും.
മുൻ തദ്ദേശ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, ഇക്കുറി വീറും വാശിയും ഏറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുന്നണികൾക്ക് പരസ്പരം കുറ്റപ്പെടുത്താനുള്ള വിഷയങ്ങൾ അനേകമെന്നതാണ് ഇതിന് അടിസ്ഥാനം. തൊട്ടുപിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് കളം.
വളരെ വിശദവും സർവതല സ്പർശിയുമായ പ്രകടന പത്രിക പുറത്തിറക്കിയാണ് എൽ.ഡി.എഫ് തദ്ദേശപ്പോരിന് കച്ചമുറുക്കിയിരിക്കുന്നത്. യു.ഡി.എഫ് പ്രകടന പത്രിക 24ന് പുറത്തിറങ്ങും. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ രൂപരേഖയാവും അതിലുണ്ടാവുക. ഇരുമുന്നണികളേയും അമ്പരപ്പിക്കുന്ന വിധത്തിലാകും എൻ.ഡി.എ പ്രകടന പത്രികയെന്നതിൽ സംശയമില്ല.
നായകന്മാർ
ഇടതുപക്ഷത്തിന്റെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാവുമെന്നുറപ്പായി. എന്നാൽ സീനിയർ നായകന്മാർ ഏറെയുള്ള യു.ഡി.എഫിന് ഒറ്റ സൂപ്പർ സ്റ്റാറല്ല, സ്റ്റാറുകളുടെ നിര തന്നെരംഗത്തിറങ്ങും. അതേസമയം, എൻ.ഡി.എയുടെ രീതി വ്യത്യസ്ഥമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അവർ കേമന്മാരെ ഇറക്കാറില്ല. എങ്കിലും സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കൾ സജീവമാവും.
വികസനം എണ്ണിപ്പറയാൻ എൽ.ഡി.എഫ്
അക്കമിട്ട് നിരത്താൻ വികസന പ്രവർത്തനങ്ങളുടെ വമ്പൻ പട്ടികയുമായാണ് എൽ.ഡി.എഫ് ജനങ്ങളിലേക്കെത്തുന്നത്. വിഴിഞ്ഞവും ദേശീയപാത വികസനവും വ്യാവസായിക മുന്നേറ്റവും ഇതിനു പുറമെ. ക്ഷേമാനുകൂല്യങ്ങളും ആത്മവിശ്വാസമേകും. ശബരിമല സ്വർണത്തട്ടിപ്പ്, സംസ്ഥാനത്തെ ക്രമസമാധാന നില, ആശുപത്രികളിൽ അടിക്കടി ഉണ്ടാവുന്ന വീഴ്ചകൾ എന്നിവയാണ് എൽ.ഡി.എഫിനെ കുഴയ്ക്കുന്ന പ്രശ്നങ്ങൾ.
ഭരണവിരുദ്ധത ആയുധമാക്കാൻ യു.ഡി.എഫ്
ശബരിമല സ്വർണത്തട്ടിപ്പ് തന്നെയാണ് യു.ഡി.എഫിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ ദിവസത്തെ രൂക്ഷമായ തിരക്കിനെക്കുറിച്ചുള്ള വാർത്തയും ചൂടുപകരും. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രവും അഴിമതി ആരോപണങ്ങളും ഉയർത്തിക്കാട്ടും. എന്നാൽ ചൂരൽമല ദുരിതബാധിതർക്ക് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ നൂറ് വീടുകളിൽ എത്രയെണ്ണം പൂർത്തിയായി എന്ന ചോദ്യത്തിന് യു.ഡി.എഫ് നേതാക്കൾ ഉത്തരം പറയേണ്ടിവരും.
കേന്ദ്രാനുകൂല്യത്തെ വാഴ്ത്താൻ എൻ.ഡി.എ
കേന്ദ്രം കനിയാതെ ദേശീയപാത വികസനം എങ്ങനെ പൂർത്തിയാകും എന്ന പ്രസക്തമായ ചോദ്യമാണ് എൻ.ഡി.എ ചോദിക്കുന്നത്. പി.എം ശ്രീയിലൂടെ സഹായിക്കാൻ ശ്രമിച്ചിട്ടും സംസ്ഥാന സർക്കാർ മുഖം തിരിച്ചെന്ന കുറ്റപ്പെടുത്തലും ജനത്തെ ബോദ്ധ്യപ്പെടുത്തും. വന്ദേഭാരതും റെയിൽവേ സ്റ്റേഷനുകളുടെ വികസനവും എണ്ണിപ്പറയും. അതേസമയം, വയനാട് ദുരന്തത്തിന്റെ ഭീകരത പ്രധാനമന്ത്രി നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടിട്ടും കേരളത്തെ അവഗണിക്കുന്നെന്ന ആരോപണം പ്രതിസന്ധിയാകും.