സഹോദരങ്ങൾ നേർക്കുനേർ, കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ

Thursday 20 November 2025 12:54 AM IST

കോഴിക്കോട്: രണ്ട് മുന്നണികളുടെ സ്ഥാനാർത്ഥികളായി പരസ്പരം ഏറ്റുമുട്ടുന്ന സഹോദരങ്ങളെ ചേർത്തുനിർത്തി കെട്ടിവയ്ക്കാനുള്ള കാശ് നൽകി അനുഗ്രഹിച്ചുവിടുകയാണ് ഉമ്മ ഇമ്പിച്ചി അയിഷ. കോഴിക്കോട് കൊടുവള്ളിയിലെ കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അപൂർവ സഹോദരപോരാട്ടം. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ഇസ്ഹാഖ് പൂക്കോട്ടിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ ഇളയ സഹോദരൻ അയ്യൂബ് പൂക്കോട്ടിൽ ത്രാസ് ചിഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. ആര് ജയിച്ചാലും സന്തോഷം മാത്രമേയുള്ളൂവെന്ന് ഉമ്മ ഇമ്പിച്ചി അയിഷ നയം വ്യക്തമാക്കി. ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പോളിംഗ് ബൂത്തിലെത്തുമ്പോൾ തോന്നുന്ന ആൾക്ക് വോട്ട് ചെയ്യും. മക്കൾ രണ്ടാളും തന്നോട് വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും ഉമ്മ പറഞ്ഞു.

'നാട്ടുകാരേ, പ്രിയ വോട്ടർമാരെ, ന്റെ മാമൻമാരെ നിങ്ങൾ ജയിപ്പിക്കണേ..' എന്ന പാട്ടുമായി സ്ഥാനാർത്ഥികളുടെ മരുമകൻ ജയ്സലും രംഗത്തുവന്നതോടെ സംഭവം കളറായിരിക്കുകയാണ്. ഇസ്ഹാഖിനും അയ്യൂബിനും അഞ്ച് സഹോദരിമാരാണുള്ളത്. മൂത്ത സഹോദരിയുടെ മകനായ ജയ്സൽ രണ്ട് മാമൻമാർക്കും വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ഇറക്കിയ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുന്ദമംഗലം യുപി സ്കൂളിൽ നിന്നും വിരമിച്ച ഇസ്ഹാക്ക് മാഷ് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റാണ്. മെഡിക്കൽ കോളേജ് ഡിവിഷനിൽ പി.ഡബ്ല്യു.ഡി എ.ഇയായി വിരമിച്ച അയൂബ് ആവട്ടെ പി.ടി.എ റഹിമിന്റെ റഹിം ലീഗിന്റെ സജീവ പ്രവർത്തകനും.