കോൺഗ്രസിനെ വെല്ലുവിളിച്ച് നിഖിൽ പൈലി
ഇടുക്കി: കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലി. ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ നിന്ന് വേണ്ടിവന്നാൽ മത്സരിക്കുമെന്ന് നിഖിൽ ഫേസ്ബുക്കിൽ കുറിച്ച ശേഷം വിവാദമായതോടെ പിൻവലിച്ചു.
കോൺഗ്രസ് നേതൃത്വം നിലവിൽ പൈനാവ് ഡിവിഷനിൽ പരിഗണിക്കുന്ന സ്ഥാനാർത്ഥി സി.പി.എമ്മിന് പാർട്ടിയെ ഒറ്റിക്കൊടുത്തയാളാണെന്നാണ് നിഖിൽ എഴുതിയത്. ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ താനും മത്സരിക്കും. വാർഡിൽ തോറ്റ ആളുകളെ ഇറക്കി സി.പി.എമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൽട്ട് തന്നെയുണ്ടാകുമെന്നും നിഖിൽ കുറിച്ചു. പൈനാവ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം പൂർണ്ണ പിന്തുണ ഇയാൾക്ക് നൽകിയിരുന്നു.