പതിനൊന്നുകാരിക്ക് പീഡനം: പിതാവിന് 178 വർഷം തടവ്

Thursday 20 November 2025 1:02 AM IST

മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വർഷം കഠിനതടവിന് വിധിച്ചു. 10.75 ലക്ഷം രൂപ പിഴയുമൊടുക്കണം. അരീക്കോട് സ്വദേശിയായ 40കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും അതിജീവിതയ്ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും നിർദ്ദേശിച്ചു.

പോക്‌സോ ആക്ടിലെ മൂന്നു വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് പ്രകാരവും 40 വർഷം വീതം കഠിനതടവ്, രണ്ടു ലക്ഷം വീതം പിഴ. പോക്‌സോ ആക്ടിലെ 9 എം, 9 എൻ, ഐ.പി.സി 506 വകുപ്പുകളിൽ അഞ്ചുവർഷം വീതം കഠിനതടവ്, അരലക്ഷം രൂപ പിഴ. കുട്ടിയെ മർദ്ദിച്ചതിന് ഒരു വർഷം കഠിനതടവ്, 25,000 രൂപ പിഴ. തടഞ്ഞുവച്ചതിന് ഒരുമാസം കഠിനതടവ്, 500 രൂപ പിഴ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ടുവർഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

2022ലും 2023ലുമായി മൂന്നുതവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അതിജീവിത കാൺകെ മൊബൈലിൽ അശ്ലീലദൃശ്യങ്ങൾ കണ്ടതായും പരാതിയുണ്ടായിരുന്നു. പ്രതിയെ തവനൂർ ജയിലിലാക്കി.