മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്: കന്യാസ്ത്രീക്കെതിരെ കേസ്
Thursday 20 November 2025 1:07 AM IST
തിരുവനന്തപുരം: ഫേസ് ബുക്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീയും അദ്ധ്യാപികയുമായ ടീന ജോസിനെതിരെ (അഡ്വ. മേരി ട്രീസ പി.ജെ) പൊലീസ് കേസെടുത്തു. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സെൽറ്റൻ എൽ. ഡിസൂസ എന്നയാൾ ഫേസ് ബുക്കിൽ 'മുഖ്യമന്ത്രി നാളെ മുതൽ ഇറങ്ങുകയാണ്' എന്ന് കുറിപ്പിട്ടിരുന്നു. അതിനു താഴെയായിരുന്നു അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിയണം എന്ന രീതിയിലുള്ള ടീനയുടെ കമന്റ്.
ഇത്തരത്തിലുള്ള പരാമർശങ്ങൾ സംസ്‌കാരമുള്ള സമൂഹത്തിന് അപമാനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ടീന ജോസ് ട്വന്റി 20 എന്ന രാഷ്ട്രീയപാർട്ടിയുടെ കടുത്ത പ്രചാരകയാണ്. കൊലവിളി നടത്തുന്ന വ്യക്തിക്ക് ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു എന്ന് ട്വന്റി 20 വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.