ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; 12 മണിക്കൂർ നേരത്തെ കാത്തിരിപ്പ്,​ മിനിട്ടിൽ പതിനെട്ടാംപടി കയറുന്നത് 65 പേർ

Thursday 20 November 2025 7:01 AM IST

പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. അയ്യനെ കാണാനായി 12 മണിക്കൂറോളമാണ് ഭക്ത‌ർ കാത്തുനിന്നത്. ഒരു മിനിട്ടിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. സന്നിധാനത്ത് വൻതിരക്ക് അനുഭവപ്പെടുന്നതുകൊണ്ട് ഇന്നുമുതൽ 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം ഒരുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തിങ്കളാഴ്ച വരെ വലിയ തരത്തിലുളള നിയന്ത്രണങ്ങളാണ് ശബരിമലയിൽ നിർദ്ദേശിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. വിർച്വൽ ക്യൂ ബുക്കിം​ഗ് കർശനമായി നടപ്പാക്കും.

ഇന്നലെ മാത്രം 80,615 ഭക്തരാണ് ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌നിന്നു. കുടിവെള്ള വിതരണത്തിലടക്കം പരാതികൾ ഉയർന്നിരുന്നു. ശബരിമലയിലെ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.

ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികൃതർ പലതും പറഞ്ഞതല്ലാതെ ഒന്നും ന‌ടന്നില്ലെന്ന് കോടതി വിമർശിച്ചു. സാധാരണ ഉത്സവക്കമ്മിറ്റിക്കാരെ പോലെയല്ല കാര്യങ്ങൾ നടത്തേണ്ടത്. തീർത്ഥാടകരെ തിക്കിത്തിരക്കി കയറ്റുന്നതെന്തിനാണ്? ഇത് മറ്റൊരു ദുരന്തത്തിന് വഴിവയ്‌ക്കും. ഏകോപനം പാളിയിരിക്കുകയാണ്. ഒരുക്കങ്ങൾ ആറുമാസം മുമ്പേ തുടങ്ങേണ്ടതായിരുന്നു. കുട്ടികളടക്കം തിരക്കിൽ വീർപ്പുമുട്ടിയാണ് ദർശനത്തിന് കാത്തുനിൽക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

കോടതിയുടെ വിമർശനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും പ്രതികരിച്ചിരുന്നു. തിരക്കുമൂലം ദർശനം നടത്താൻ കഴിയാതെ മാല ഊരി വ്രതം മുറിക്കേണ്ടിവന്ന ഭക്തരോട് മാപ്പ് ചോദിക്കുന്നുവെന്നും, കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ആവർത്തിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.