നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, വിധി പറയുന്ന തീയതി അറിയിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പറയുന്ന തീയതി ഉടൻ അറിയിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്.
കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ആകെ ഒമ്പത് പ്രതികളാണുള്ളത്. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാംപ്രതിയാണ്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.