ഇന്ത്യക്ക് തിരിച്ചടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഗിൽ പുറത്ത്; പകരക്കാരനായി സായ് സുദർശൻ
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മത്സരത്തിൽ നിന്ന് പുറത്തായി. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ഗില്ലിന് പരിക്കേറ്റത്. പരിക്കോടെ താരം ടീമിനൊപ്പം ഗുവാഹത്തിയിൽ എത്തിയെങ്കിലും 22ന് ആരംഭിക്കുന്ന മത്സരത്തിൽ കളിക്കാനാവില്ലെന്ന് മെഡിക്കൽ ടീം സ്ഥിരീകരിച്ചു. ഗില്ലിന് പകരം വൈസ് ക്യാപ്ടൻ ഋഷഭ് പന്തായിരിക്കും മറ്റനാൾ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്.
കൊൽക്കത്തിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരിക്ക് കാരണം 124 റൺസ് പിന്തുടർന്ന് ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ഗില്ലിന് കളിക്കാൻ കഴിഞ്ഞില്ല. ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന ടെസ്റ്റിൽ ഗില്ലിനെ കളിപ്പിച്ചാൽ അദ്ദേഹത്തിന്റെ പരിക്ക് വഷളാക്കാൻ സാദ്ധ്യതയുണ്ടെന്ന് മെഡിക്കൽ സംഘം മുന്നറിയിപ്പ് നൽകി. താരത്തിന് കളിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അപകടസാദ്ധ്യത കണക്കിലെടുത്ത് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ഗില്ലിന്റെ അഭാവത്തിൽ സായ് സുദർശൻ ഓപ്പണറായി കളിക്കുമെന്നാണ് സൂചന. പരിക്ക് ടീമിന്റെ നേതൃനിരയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏകദിന വൈസ് ക്യാപ്ടൻ ശ്രേയസ് അയ്യരും പരിക്കിൽ നിന്ന് മുക്തമാകാത്ത സാഹചര്യത്തിൽ ക്യാപ്ടൻ സ്ഥാനത്തേക്ക് താൽക്കാലികമായി കെഎൽ രാഹുലിനെയോ അക്സർ പട്ടേലിനെയോ പരിഗണിച്ചേക്കാം. പത്ത് ദിവസമെങ്കിലും ഗില്ലിന് വിശ്രമം ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇത് നവംബർ 30ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കാനുള്ള സാദ്ധ്യതയും കുറയ്ക്കുന്നു.