ഓടുന്ന കാറിന്റെ വിൻഡോയിലൂടെ സാഹസികമായി മുകളിൽ കയറി, പിന്നാലെ ചുംബനം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

Thursday 20 November 2025 10:23 AM IST

ന്യൂഡൽഹി: ഓടുന്ന കാറിന്റെ മുകളിൽ നിന്ന് ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിലെ സാകേത് ജെ ബ്ലോക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. തിരക്കേറിയ റോഡിലാണ് കമിതാക്കളുടെ സ്‌നേഹപ്രകടനം. ഇവർ സഞ്ചരിച്ച കാറിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളയാൾ പകർത്തിയതാണ് ഈ വീഡിയോ.

ട്രാഫിക് സിഗ്നലിൽ വണ്ടിനിർത്തിയപ്പോൾ യുവാവ് വിൻഡോയിലൂടെ വളരെ സാഹസികമായി കാറിന്റെ മുകളിൽ കയറി ഇരിക്കുകയാണ്. ഇതിനിടെ ഒരു പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്ക് തലയിടുന്നു. തുടർന്ന് ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ യുവാവിനും പെൺകുട്ടിക്കുമെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.

'വീഡിയോയിലുള്ള യുവാവിന് ഇരുപതോ ഇരുപത്തിയൊന്നോ വയസേയുള്ളൂ. അവനെന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബം തകർന്നുപോകും. 30 വയസായിട്ടും ഞാൻ കൃത്യസമയത്ത് വീട്ടിലെത്തിയില്ലെങ്കിൽ വീട്ടുകാർ വിളിക്കും. ഇത്തരം സാഹസികങ്ങൾ ചെയ്യുന്നതിന് മുമ്പ് സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കണം.'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിലും പെട്ടു. യുവാവിനെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 'ജീവൻ വിലപ്പെട്ടതാണ്. പ്രതിക്കെതിരെ സെക്ഷൻ 179 MVA, 184 MVA എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.'- എന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് പൊലീസ് കുറിച്ചത്.