റെയിൽവേ സ്റ്റേഷനിലെത്തുന്ന മിക്കവരും ചെയ്യുന്ന രണ്ട് തെറ്റുകൾ; ഇനിയിത് നടക്കില്ല, പണി കിട്ടും

Thursday 20 November 2025 10:51 AM IST

കൊല്ലം: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് നേരെ അതിക്രമം കൂടിവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായിട്ടാണ് പരിശോധന ശക്തമാക്കിയത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിംഗും സ്ത്രീകൾ കൂടുതലുള്ള കമ്പാർട്ട്‌മെന്റുകളിൽ പരിശോധനയും നടത്തിവരികയാണ്.

മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, വനിതാ യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയവ തടയുകയാണ് ലക്ഷ്യം. റെയിൽവേ പൊലീസും ലോക്കൽ പൊലീസും സംയുക്തമായാണ് പരിശോധന. സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറുക, ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, ഭിന്നശേഷിക്കരുടെ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് റെയിൽവേ പൊലീസ് കേസെടുക്കുക.

മറ്റ് കുറ്റകൃത്യങ്ങളിൽ കേസെടുക്കുന്നത് റെയിൽവേ പൊലീസാണ്. റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി, ക്ലോക്ക് റൂം, എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമുൾപ്പടെയുള്ള പരിശോധനയാണ് കർശനമാക്കിയത്. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന, റെയിൽവേ സ്റ്റേഷനുകളിലും യാത്രാ ട്രെയിനുകളിലും മയക്കു മരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കി.

സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകൾ, സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയാൽ ബോംബ് സ്‌ക്വാഡ്, കെ9 സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തര പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കി.

ടിക്കറ്റില്ലെങ്കിൽ കുടുങ്ങും

 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിർബന്ധം.

 ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരും കുടുങ്ങും.

 അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ നിരീക്ഷിക്കും.

 ഇത്തരക്കാർക്കെതിരെ അടിയന്തര നിയമ നടപടി.

 നിയമസഹായത്തിന് സുരക്ഷാ ആപ്പ് പുറത്തിറക്കും.

റെയിൽ അലർട്ട് കൺട്രോൾ

9846200100

ഇ.ആർ.എസ്.എസ് കൺട്രോൾ

112

റെയിൽവേ ഹെൽപ്പ് ലൈൻ

139

യാത്രക്കാർ സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളെയോ ട്രെയിനിൽ കണ്ടാൽ അടുത്തുള്ള പൊലീസുകാരെയോ ഹെൽപ്പ് ലൈൻ നമ്പരുകളിലോ ബന്ധപ്പെടണം.

റെയിൽവേ അധികൃതർ