"സ്വതന്ത്രനായി മത്സരിച്ചു, ജയിക്കും എന്ന പ്രതീതി വന്നതോടെ ഫ്ളക്‌സുകൾ നശിപ്പിക്കപ്പെട്ടു"; അന്ന് കിട്ടിയ വോട്ടിനെപ്പറ്റി അഖിൽ മാരാർ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഈ വേളയിൽ പത്ത് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.
കോട്ടത്തല ബ്ലോക്ക് ഡിവിഷനിലാണ് അഖിൽ മാരാർ മത്സരിച്ചത്. താൻ ജയിക്കുമെന്ന പ്രതീതി ഉണ്ടായതോടെ പാർട്ടികൾ ജാഗ്രത പുലർത്തിയെന്നും തന്റെ ഫ്ളക്സുകൾ നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഒടുവിൽ 1500ലധികം വോട്ട് നേടിയെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മറ്റൊരു തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ 10 വർഷം മുൻപ് കോൺഗ്രസിലെ ചിലരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെ സ്വതന്ത്രൻ ആയി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. വളരെ കുറച്ചു സമയം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.
150 വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഘോഷമാക്കി. ശിവകാശിയിൽ പോയി പോസ്റ്റർ അടിച്ചു. നൂറിലധികം ഫ്ളക്സ് അടിച്ചു.. ഫ്ലക്സുകൾ വെയ്ക്കാനുള്ള ഫ്രെയിം ഞാനും നമ്മുടെ പിള്ളേരും ചേർന്ന് അടിച്ചു.. രാവിലെ മുതൽ വോട്ട് പിടിക്കാൻ ഇറങ്ങും. ഉച്ചയ്ക്ക് ശേഷം ഫ്ളക്സ് ബോർഡ് അടി.. രാത്രി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും.
പല വാർഡുകളിലും ഞാൻ ചർച്ച ആയി. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രൻ ജയിക്കും എന്ന പ്രതീതി വരെ സൃഷ്ട്ടിച്ചു.. ആ പ്രതീതി പാർട്ടികൾക്കിടയിൽ ജാഗ്രത സൃഷ്ട്ടിച്ചു.
എനിക്ക് വോട്ട് നൽകും എന്ന് പറഞ്ഞ പലകുടുംബങ്ങളിലും അവർ കൃത്യമായി ഇടപെട്ടു.. എന്റെ പല പോസ്റ്ററുകളും, ഫ്ലക്സുകളും നശിക്കപ്പെട്ടു.
രണ്ടായാലും 150വോട്ട് കിട്ടില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു.
എന്ത് കൊണ്ടാണ് എനിക്ക് ഈ വോട്ട് കിട്ടാൻ കാരണം എന്ന് ചോദിച്ചാൽ നേരിട്ടു സംസാരിച്ച വോട്ടർമാർക്ക് ഞാൻ നൽകിയ വിശ്വാസം.
ജനങ്ങളെ വിശ്വാസത്തിൽ എടുക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും കഴിയുക എന്നത് മാത്രമാണ് ഓരോ പൊതു പ്രവർത്തകനും ഉയർത്തി പിടിക്കേണ്ട ആദർശം.
ജനങ്ങളെ മനസിലാക്കുക സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക.
ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ.