ചോദിച്ച സീറ്റ‌് കിട്ടിയില്ല; കാസർകോട് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ല്
കാസർകോട്: കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിൽ കാസർകോട് ഡിസിസി യോഗത്തിനിടെ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈസ്‌റ്റ‌് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കൾ തമ്മിൽ തല്ലിയത്.
നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കൽ ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷം അദ്ദേഹം ഉൾപ്പെടെയുള്ള ഏഴുപേർ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇവർക്ക് ഈസ്റ്റ് എളേരിയിൽ സീറ്റ് നൽകണമെന്ന ആവശ്യം കോൺഗ്രസ് യോഗം ആദ്യം നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് യോഗത്തിൽ അഞ്ച് സീറ്റുകൾ നൽകാമെന്ന് തീരുമാനം ആയി. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിനെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തു. ഇതേ തുടർന്ന് ഇവർക്ക് രണ്ടു സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന് കോൺഗ്രസ് യോഗം തീരുമാനിച്ചതാണ് ഏറ്റുമുട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.