മൂന്നാറിൽ വിനോദയാത്രയ്‌ക്ക് വന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; നാലുപേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ
മൂന്നാർ: മാട്ടുപ്പെട്ടിക്ക് സമീപം സ്‌കൂൾ കുട്ടികളുമായി വന്ന ജീപ്പ് താഴ്‌ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിലെ കരൂരിൽ നിന്ന് മൂന്നാറിൽ വിനോദയാത്രയ്‌ക്ക് എത്തിയ വിദ്യാർത്ഥികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. വിദ്യാർത്ഥികളുമായി രണ്ട് ബസുകളിലാണ് സംഘം മൂന്നാറിലെത്തിയത്. അവിടെ നിന്നും ജീപ്പിൽ സഞ്ചരിക്കവെയായിരുന്നു അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് മറിഞ്ഞ ജീപ്പിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. തലയ്‌ക്ക് പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. അതിനാൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് കുട്ടികളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികൾ ഉയർന്നിരുന്നു. കുട്ടികളുമായി മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി റൂട്ടിലാണ് ജീപ്പ് സഞ്ചരിച്ചത്. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.