കൊക്കക്കോളയോടുള്ള പ്രണയത്താൽ മ്യൂസിയം ഒരുക്കി; അമ്പരന്ന് സന്ദർശകർ
പ്രമുഖ ശീതളപാനീയ ബ്രാൻഡാണ് കൊക്കക്കോള. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ മഹാദേവന് കൊക്കക്കോളയോടുള്ള ഇഷ്‌ടം കുറച്ച് വേറിട്ടതാണ്. ആ ഇഷ്‌ടത്താൽ പതിറ്റാണ്ടുകളായി അതുമായി ബന്ധപ്പെട്ടും അല്ലാതെയും താൻ ശേഖരിച്ച വസ്‌തുക്കളുപയോഗിച്ച് പൊതുജനങ്ങൾക്കായി വൈവിദ്ധ്യമാർന്ന ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മഹാദേവന്റെ കൊക്കക്കോള പ്രണയം യുവത്വത്തിൽ തുടങ്ങിയതാണ്. പിന്നീട് അതൊരു വലിയ ശേഖരമായി മാറുകയായിരുന്നു. കൊക്കക്കോള തീമിലുള്ള കാർ, പഴയകാലത്തെ ഫാൻ, റേഡിയോകൾ, വിൻഡേജ് വാട്ടർ ബോട്ടിലുകൾ, കസേരകൾ, ചിത്രങ്ങൾ, ലിമിറ്റഡ് എഡിഷൻ ബോട്ടിലുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴയതും അപൂർവവുമായ വസ്‌തുക്കൾ ഇവിടെയുണ്ട്.
ഒരവസരത്തിൽ തിരുപ്പൂരിൽ അലസമായികഴിഞ്ഞിരുന്ന സമയത്ത് കൊക്കക്കോള വാങ്ങികുടിച്ചപ്പോൾ പുതിയൊരു ഉണർവ് കിട്ടിയതായി മഹാദേവൻ പറയുന്നു. അന്നുമുതലാണ് താൻ ഈ ശേഖരം തുടങ്ങിയതെന്നും പിന്നീട് എവിടെ പോയാലും ആദ്യം വാങ്ങുന്നത് കൊക്കക്കോളയാണെന്നും അദ്ദേഹം പറയുന്നു.
'ബാലിശമായ കാര്യമാണെങ്കിലും ഇതിൽ ഒരു ദൈവികതയുണ്ട്. ക്ഷേത്രത്തിലെത്തുമ്പോൾ ലഭിക്കുന്ന സമാധാനം പോലെയാണ് എന്റെ ശേഖരം കാണുമ്പോൾ തോന്നുന്നത്' അദ്ദേഹം പറയുന്നു. ഈ അനുഭവം മറ്റുള്ളവർക്കും ലഭിക്കുന്നതിനുവേണ്ടിയാണ് തന്റെ ശേഖരങ്ങളെല്ലാം ചേർത്ത് ഒരു മ്യൂസിയം തയ്യാറാക്കിയതെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.
പഴയതലമുറയിൽ ഗൃഹാതുരത്വം നിറയ്‌ക്കുന്ന സാധനങ്ങളാണ് മ്യൂസിയത്തിൽ ഉള്ളത്. സോഷ്യൽ മീഡിയയിലെ വീഡിയോ കണ്ടവരെല്ലാം മഹാദേവന്റെ അഭിരുചിയെയും സമർപ്പണബോധത്തെയും പ്രശംസിക്കുകയാണ്.