ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാ‌ർ അറസ്റ്റിൽ

Thursday 20 November 2025 3:20 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ പങ്ക് എസ്‌ഐടിക്ക് ബോദ്ധ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിനെ ഇന്നുതന്നെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇതോടെ കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്‌തവരുടെ എണ്ണം ആറായി. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെഎസ്‌ ബൈജു, മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് പത്മകുമാറിനെ കൂടാതെ അറസ്റ്റിലായവർ.

മുമ്പ് അറസ്റ്റിലായവരുടെ മൊഴിയിലും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുമെല്ലാം എ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ സർവസ്വാതന്ത്ര്യവും നൽകിയത് പത്മകുമാറാണെന്നും തെളിഞ്ഞു. കേസിലെ എട്ടാം പ്രതിയാണ് പത്മകുമാർ.

മുൻ എംഎൽഎ കൂടിയായ പത്മകുമാർ സിപിഎമ്മിന്റെ മുതിർന്ന നേതാവാണ്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റം അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാവ് അറസ്റ്റിലാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് എസ്ഐടി മേധാവി എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ പത്മകുമാറിനെ ഇന്ന് രാവിലെ ചോദ്യം ചെയ്‌തത്. സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു നേരത്തെ അറസ്റ്റിലായിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാർ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് ചോദ്യംചെയ്യലിന് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നൽകിയിരുന്നില്ല. ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ ഇന്നലെ വെെകിട്ട് പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. എൻ വാസുവിനെ ഇന്ന് വെെകിട്ട് നാലുമണിവരെ എസ്ഐടിയുടെ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നും വിവരമുണ്ടായിരുന്നു.