ഇത് കഴിക്കുമ്പോൾ സൂക്ഷിക്കണം, ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടു; ആശുപത്രി ഈടാക്കിയത് ഒരു ലക്ഷം രൂപ

Thursday 20 November 2025 3:24 PM IST

ബാങ്കോക്ക്: തായ്‌ലൻഡിൽ യാത്ര പോകുന്ന അല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ തായ്‌ലൻഡ് യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ട്രാവൽ വ്‌ളോഗർ മോണിക്ക ഗുപ്ത.

രാജസ്ഥാൻ സ്വദേശിനിയായ മോണിക്കയും സുഹൃത്തും അവിടെ നിന്ന് ഗമ്മി (ഒരു മിഠായി) കഴിച്ചിരുന്നു. പിന്നാലെ തങ്ങൾ ഗുരുതരാവസ്ഥയിലായെന്നാണ് യുവതി പറയുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തനിക്കും സുഹൃത്തിനും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയെന്ന് മോണിക്ക പറഞ്ഞു.

'ഞങ്ങൾക്ക് വിചിത്രമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. നെഞ്ചിൽ ഭാരവും ശ്വസിക്കാൻ ബുദ്ധിമുട്ടും ഉണ്ടായി. എന്റെ സുഹൃത്ത് വെറും 15 മിനിറ്റിനുള്ളിൽ 20 തവണയെങ്കിലും ഛർദ്ദിച്ചു. സ്ഥിതി ഗുരുതരമാകുമെന്ന് കരുതി സമീപത്തെ ആശുപത്രിയിൽ പോയി. അവിടെ എത്തിയ ഉടനെ ഐവി ഡ്രിപ്പുകൾ നൽകി.

തുടക്കത്തിൽ, ചികിത്സയ്ക്കായി ഏകദേശം 48,000 രൂപയുടെ ബില്ല് തന്നു. എന്നാൽ മൂന്ന് മണിക്കൂറോളം മയക്കികിടത്തി. ഇതോടെ ഫ്‌ളൈറ്റ് മിസായി. ഉറക്കമെഴുന്നേറ്റ ശേഷം നേരെ ബിൽ അടക്കാൻ ചെന്നു. ഒരു ലക്ഷം രൂപയോളമാണ് വാങ്ങിയത്. ഇതുകണ്ട് ഞെട്ടിപ്പോയി.'-യുവതി പറഞ്ഞു.

ഇതേ മിഠായി കഴിച്ച് അവശനിലയിലായ ചില വിനോദ സഞ്ചാരികളെ ആശുപത്രിയിൽ കണ്ടെന്നും മോണിക്ക തുറന്നുപറഞ്ഞു. വിനോദസഞ്ചാരികളെ ചൂഷണം ചെയ്യാൻ വിൽപ്പനക്കാരും ചില ആശുപത്രികളും തട്ടിപ്പ് നടത്തുന്നതാകാമെന്നാണ് യുവതി അഭിപ്രായപ്പെടുന്നത്.