കൊച്ചിക്കാർ ഇത്രയും സമ്പന്നരോ? ഒടുവിൽ ആ നേട്ടവും എറണാകുളത്തിന്, ദിവസവും അക്കൗണ്ടിലെത്തുന്നത് കോടികൾ
കൊച്ചി: സംസ്ഥാനത്ത് ഏറെ സവിശേഷതകളുള്ള നഗരമാണ് കൊച്ചി. അതിനാൽത്തന്നെ പല നേട്ടങ്ങളും ഇതിനോടകം എറണാകുളം ജില്ലയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭകൾ ഉൾക്കൊള്ളുന്ന ജില്ല എന്ന നേട്ടവും എറണാകുളത്തിന് ലഭിച്ചിരിക്കുകയാണ്. തൃക്കാക്കര നഗരസഭയാണ് ആദ്യ സ്ഥാനത്തുള്ളത്. 144.23 കോടി രൂപയാണ് തൃക്കാക്കര നഗരസഭയുടെ വരുമാനം. കളമശേരിയാണ് രണ്ടാം സ്ഥാനത്ത്. 103.65 കോടി രൂപയാണ് ഈ നഗരസഭയിലെ വരുമാനം. 50 കോടി രൂപ വരുമാനവുമായി മരടാണ് ജില്ലയിൽ മൂന്നാമത്.
ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി, ബഹുനില പാർപ്പിട സമുച്ചയങ്ങൾ, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല എന്നിവയാണ് തൃക്കാക്കര നഗരസഭ സമ്പന്നമാകാനുള്ള പ്രധാന കാരണം. ഈ വർഷം അവതരിപ്പിച്ച ബഡ്‌ജറ്റിൽ 187,97,72,658 രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. ഇതനുസരിച്ച് വൻ വികസന പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങളും രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധികൾക്ക് കാരണമായി. കെട്ടിട നികുതിയും തൊഴിൽ നികുതിയുമാണ് തൃക്കാക്കരയുടെ പ്രധാന വരുമാന മാർഗം. ലക്ഷങ്ങളാണ് ദിവസവും നഗരസഭയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.
കളമശേരി നഗരസഭ ഇക്കൊല്ലം പ്രതീക്ഷിക്കുന്ന വരുമാനം 164,62,59,068 കോടി രൂപയാണ്. ലുലു മാളും വമ്പൻ വ്യാപാര സ്ഥാപനങ്ങളുമൊക്കെയാണ് കളമശേരി നഗരസഭയെ സമ്പന്നമാക്കുന്നത്. കെട്ടിടനികുതിയാണ് ഇവിടുത്തെ പ്രധാന വരുമാനം. 15 കോടിയോളം രൂപയാണ് ഈ ഇനത്തിൽ ലഭിക്കുന്നത്. 5.5 കോടി രൂപ തൊഴിൽ നികുതി, 3.07 കോടി രൂപ വിനോദ നികുതി എന്നിങ്ങനെയാണ് വരുമാനക്കണക്ക്. 37.5 കോടി രൂപയാണ് തനത് വരുമാനം. കൂടാതെ പർപസ് ഫണ്ട് ഇനത്തിൽ സർക്കാരിൽ നിന്നും 3.98 കോടി രൂപ, പദ്ധതി വിഹിതമായി എട്ട് കോടി രൂപ, മറ്റ് റവന്യൂ ഗ്രാന്റുകളായി 29.42 കോടി രൂപ എന്നിങ്ങനെയും ലഭിക്കുന്നു.