മുഖ്യമന്ത്രിക്കെതിരെ കൊലവിളി; കന്യാസ്‌ത്രീക്കെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകൻ

Thursday 20 November 2025 4:01 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലപാതക ഭീഷണി മുഴക്കിയ കന്യാസ്ത്രീ ടീന ജോസിനെതിരെ (അഡ്വ. മേരി ട്രീസ പി.ജെ) പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. വിദ്വേഷ പ്രചാരണമാണ് ഫേസ്‌ബുക്കിലൂടെ നടത്തിയതെന്നും ടീന ജോസിനെതിരെ കേസ് എടുക്കണമെന്നുമാണ് സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ കെ ആർ സംസ്ഥാന ‌ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുളള സെൽറ്റൻ എൽ ഡിസൂസ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസ് ഭീഷണി രൂപത്തിൽ കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നാണ് കമന്റ്.

എന്നാൽ ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അന്നുമുതൽ തിരുവസ്ത്രം ധരിക്കാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും സിഎംസി സന്യാസിനി സമൂഹം പ്രതികരിച്ചു. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തത്തിലും മാത്രമാണ്. സിഎംസി സന്യാസിനി സമൂഹത്തിന് അതിൽ യാതൊരു പങ്കുമില്ലെന്നും വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കന്യാസ്‌ത്രീയുടെ പരാമർശങ്ങൾ സംസ്‌കാരമുള്ള സമൂഹത്തിന് അപമാനമാണെന്ന് മന്ത്രി വി. ശിവൻകുട്ടിയും വിമർശിച്ചിരുന്നു. ടീന ജോസ് ട്വന്റി 20 എന്ന രാഷ്ട്രീയപാർട്ടിയുടെ കടുത്ത പ്രചാരകയാണ്. കൊലവിളി നടത്തുന്ന വ്യക്തിക്ക് ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു എന്ന് ട്വന്റി 20 വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.