കത്തി കാച്ചാനുണ്ടോ...? യന്ത്രം റെഡി!

Friday 21 November 2025 12:26 AM IST
കൊച്ചിയിലെ ഷെഫീൽഡ് ഷോറൂമിൽ യന്ത്രസംവിധാനത്തിൽ കത്തികൾ മൂർച്ച കൂട്ടുന്നു. ഫോട്ടോ: അനുഷ്ഭദ്രൻ

കൊച്ചി: ഉലയും ആലയും ചാണക്കല്ലും അന്യം നിൽക്കുന്ന കാലത്ത് പണിയായുധങ്ങളുടെ മൂർച്ചകൂട്ടലും ഹൈടെക്! കൊച്ചി ജവഹർനഗറിലാണ് കത്തിയും കത്രികയും രാകുന്ന 'ഷെഫീൽഡ്" എന്ന സ്ഥാപനം. പഴുപ്പിക്കാൻ തീക്കനലോ കാച്ചുമ്പോൾ തീപ്പൊരി ചിതറലോയില്ല. ശീതീകരിച്ച ഷോറൂമിൽ വൈദ്യുതി മോട്ടോറിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ മാത്രം.

പരുപരുത്ത കറങ്ങുന്ന നേർത്ത ബെൽട്ടുകളിലാണ് ആയുധങ്ങൾ ഉരസുക. കത്തിയുടെ കനമനുസരിച്ച് ആംഗിൾ സെറ്റുചെയ്യാൻ സ്കെയിലുമുണ്ട്. അവസാന ഫിനിഷിംഗ് പരുപരുപ്പ് കുറവുള്ള ബെൽട്ടിലായിരിക്കും. രാകൽ 10-15 മിനിട്ടിൽ പൂർത്തിയാകും. യന്ത്രസംവിധാനത്തിൽ രാകുമ്പോൾ തേയ്മാനം കുറവായിരിക്കും. വായ്‌ത്തല കൂർപ്പിച്ച് കടലാസുകനത്തിലാക്കാനാകും.

ഓയിൽ, ഗ്യാസ് ഫിൽട്ടറുകളുടെ ബിസിനസ് നടത്തുന്ന പ്രസാദ് തോമസും മക്കളായ പ്രതീഷും നിതിനുമാണ് ആധുനിക ആലയുടെ നടത്തിപ്പുകാർ. ഒരു മാസം മുമ്പാണ് പ്രവർത്തനം തുടങ്ങിയത്. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പണിയായുധങ്ങൾ എത്തിത്തുടങ്ങി. വെട്ടുകത്തി വരെ വിജയകരമായി പരീക്ഷിച്ചു. ചെറിയ കത്തികൾക്കും കത്രികയ്‌ക്കും പ്രത്യേക യന്ത്രമുണ്ട്. ആയുധങ്ങളുടെ അവസ്ഥയനുസരിച്ചാണ് നിരക്ക്. വായ്‌ത്തല അടർന്നതും തുരുമ്പെടുത്തതും ശരിയാക്കും.

ഷെഫീൽഡിൽ ഒരാൾ എത്തിയത് പതിറ്റാണ്ടുകൾ പഴക്കമുള്ള പിച്ചാത്തികളുമായാണ്. മൺമറഞ്ഞ മുത്തശ്ശിയും അമ്മയും അടുക്കളയിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കൈവിടാനൊരു വിഷമം. പിച്ചാത്തികളൊക്കെയും സൂപ്പറാക്കി തിരികെ നൽകി.

ഷെഫീൽഡിന്റെ പെരുമ

പാചക തത്പരനായ പ്രസാദിന് ആയുധങ്ങൾക്ക് നല്ല മൂർച്ചയില്ലെങ്കിൽ നിരാശയാണ്. 'കത്തി കാച്ചാനുണ്ടോ" എന്ന് ചോദിച്ചെത്തുന്നവരെ ആവശ്യത്തിന് കാണാറുമില്ല. ഈയിടെ ബ്രിട്ടനിൽ യാത്ര പോയപ്പോൾ വിദേശി സുഹൃത്താണ് ഹൈടെക് മൂർച്ചകൂട്ടലിനെക്കുറിച്ച് വിവരിച്ചത്. യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് സംരംഭം തുടങ്ങി. യന്ത്രങ്ങൾക്ക് ശരാശരി രണ്ടുലക്ഷം രൂപയാകും. 13-ാം നൂറ്റാണ്ടു മുതൽ കത്തി, ബ്ലേഡ് നിർമ്മാണത്തിന് പുകൾപെറ്റതാണ് ബ്രിട്ടനിലെ ഷെഫീൽഡ് പ്രവിശ്യ. ഷോറൂമിന് പേരുവന്നത് ഇതിൽനിന്നാണ്.

നിരക്ക് (രൂപയിൽ)

കറിക്കത്തി - 200

മറ്റു കത്തികൾ - 300

ഷെഫ് കത്തി - 500

വാക്കത്തി - 700

കത്രിക- 350 മുതൽ

മുന കൂർപ്പിക്കൽ - 100 (അധികം)

തുരുമ്പു നീക്കൽ - 100 (അധികം)