'പത്മകുമാർ നിലവിൽ കുറ്റാരോപിതൻ മാത്രമാണ്, പാർട്ടി ഒരാളെയും സംരക്ഷിക്കില്ല'; പ്രതികരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
'ശബരിമല അയ്യപ്പന്റെ ഒരു തരി സ്വർണം ആർക്കും മോഷ്ടിക്കാൻ കഴിയില്ല. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തിന്റെ ഭാഗമായി ആരെയൊക്കെ വേണോ അറസ്റ്റ് ചെയ്യാം. ഒരാളെയും സംരക്ഷിക്കാൻ പാർട്ടി തയ്യാറാല്ല. പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല. അതിന് നിരവധി നടപടികൾ ഉണ്ട്. പത്മകുമാർ കുറ്റക്കാരനാണെന്ന് കോടതി പറയണം. പത്മകുമാറിനെ ശിക്ഷിച്ചാൽ അപ്പോൾ നടപടി സ്വീകരിക്കാം. പത്മകുമാർ നിലവിൽ കുറ്റാരോപിതൻ മാത്രമാണ്'- ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞ നിലപാടാണ് പാർട്ടിക്കുള്ളതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. എസ്‌ഐടിയുടെ അന്വേഷണത്തിൽ ഇടപെടില്ല. ഒരാളെപോലും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശംങ്ങൾ അറിഞ്ഞശേഷം നടപടിയെടുക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.
മുൻ എംഎൽഎ കൂടിയായ പത്മകുമാർ സിപിഎമ്മിന്റെ മുതിർന്ന നേതാവാണ്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാവ് അറസ്റ്റിലാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.