അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം

Friday 21 November 2025 12:35 AM IST

കൊച്ചി: അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 26-ാമത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം 22, 23 തീയതികളിൽ കലൂർ എ.ജെ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 700 പ്രതിനിധികൾ പങ്കെടുക്കും. 22ന് രാവിലെ സാഹിത്യകാരൻ പ്രഭാവർമ ഉദ്ഘാടനം ചെയ്യും. ഗോവയിലെ കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അദ്ധ്യക്ഷനാകും. ഡയറക്ടറേറ്റ് ഒഫ് ഒഫീഷ്യൽ ലാംഗ്വേജസ് ഡെപ്യൂട്ടി ഡയറക്ടർ അനിൽ എച്ച്. സാവന്ത് മുഖ്യപ്രഭാഷണം നടത്തും.

23ന് സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ജയന്ത് കൈക്കിണി മുഖ്യാതിഥിയാകും. രണ്ട് ദിവസങ്ങളിലായി ആറ് സെഷനുകളായിട്ടാണ് സാഹിത്യ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കൊങ്കണി ഭാഷ സാഹിത്യ രചനകളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

പുസ്തക പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. 22ന് വൈകീട്ട് കേരളത്തിലെയും ഗോവയിലെയും കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ഓൾ ഇന്ത്യ കൊങ്കണി പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് ചേതൻ ആചാര്യ, സെക്രട്ടറി സ്‌നേഹ സബ്‌നിസ്, ട്രഷറർ ഹെന്റി മെൻഡോൺസ, ആനന്ദ് ജി. കമ്മത്ത്, ടി.ആർ. സദാനന്ദ് ഭട്ട്, ഡി.ജി. സുരേഷ്, കെ. രാമചന്ദ്ര നായിക്, തുടങ്ങിയവർ പങ്കെടുത്തു.