മുന്നണിയേതുമാകട്ടെ ശബ്ദം ജയന്റേതു തന്നെ

Friday 21 November 2025 12:49 AM IST
ജയൻ എൻ. ശങ്കരൻ

കോലഞ്ചേരി: പാർട്ടിയും മുന്നണിയും ഏതുമാകട്ടെ, വോട്ടു ചോദിക്കുന്നത് ഒരാളാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ മുന്നണികൾക്കായി ഈ ശബ്ദം നവമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആരെയും ആകർഷിക്കുന്ന ശബ്ദത്തിന്റെ ഉടമ ജയൻ എൻ. ശങ്കരനെന്ന കാലടി സ്വദേശിയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ രംഗത്തേയ്ക്ക് കടന്നു വന്നത്. അമേച്വർ, പ്രൊഫഷണൽ നാടകങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ജയൻ. നാടക വേദികളിലെ അനൗൺസ്‌മെന്റുകളിൽ നിന്നാണ് ജയന്റെ ശബ്ദ ഗാംഭീര്യം തിരിച്ചറിഞ്ഞത്. നാടക രചനയിലും ഒരു കൈ പയ​റ്റിയിട്ടുള്ളതിനാൽ സ്വന്തമായി തയ്യാറാക്കുന്ന കാച്ചി കുറുക്കിയ മൂർച്ചയുള്ള വാക്കുകളിലൂടെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ അവതരിപ്പിക്കുന്ന മിടുക്കാണ് ഈ രംഗത്ത് ജയനെ തേടി അന്യജില്ലകളിൽ നിന്നുപോലും സ്ഥാനാത്ഥികളെത്തുന്നതിന് കാരണം.

വിവിധ ജില്ലകളിൽ നടക്കുന്ന ശ്രീ നാരായണ ഗുരു ജയന്തി ദിനാഘോഷ വേദികൾക്കു വേണ്ടി ഗുരു ചരിത്രം റെക്കോഡ് ചെയ്ത ശബ്ദവും ശിവഗിരി തീർത്ഥാടന പദയാത്രകളിലെ പൈല​റ്റ് വാഹനത്തിൽ നിന്നുയരുന്ന ശബ്ദവും ജയന്റേതു തന്നെ. ജില്ലയിലെ എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട മിക്ക പരിപാടികളിലും അവതാരക വേഷം തന്റെതാകുന്നത് ഗുരു നിയോഗമാണെന്നാണ് ശ്രീനാരായണ ഭക്തനായ ജയന്റെ പക്ഷം. കാലടി ശാഖാ പ്രസിഡന്റും കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ കൗൺസിലറുമായിരുന്നു. വിജിയാണ് ഭാര്യ. ജെവീൺ, ജെനിൻ എന്നിവർ മക്കളും ബബിത മരുമകളുമാണ്.

നവ മാദ്ധ്യമങ്ങൾ കീഴടക്കിയ ശബ്ദം

ഇക്കുറി തിരഞ്ഞെടുപ്പിൽ നവ മാദ്ധ്യമ പ്രചാരണത്തിനുള്ള സ്​റ്റാ​റ്റസ് അനൗൺസ്‌മെന്റുകൾ, വീഡിയോകൾ, ലൈവ് വീഡിയോക്കുള്ള ശബ്ദം, വാഹന അനൗൺസ്‌മെന്റിന്റെ ഫേസ് ബുക്ക്, വാട്‌സാപ്പ് പതിപ്പുകൾ, സ്ഥാനാർത്ഥിയുടെ വികസനം വാക്കുകളിലാക്കിയുള്ള അവതരണം, വാഹന അനൗൺസ്‌മെന്റുകൾക്കായി സി.ഡി തുടങ്ങി മൊബൈൽ റിങ്ങ് ടോണിന് വരെ ജയൻ ശബ്ദം നല്കും. സ്വന്തമായി പാട്ടും പാരഡിപാട്ടുമെഴുതി റെക്കോഡ് ചെയ്തും നല്കും.