കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

Thursday 20 November 2025 4:51 PM IST

കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് കണ്ണൂരിൽ ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിലാണ് അപകടം ഉണ്ടായത്. കുഴൽക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശികളായ എട്ടുപേരാണ് ലോറിയിലുണ്ടായിരുന്നത്.

നിയന്ത്രണം വിട്ട് ലോറി ഒരു തോട്ടത്തിലേക്കാണ് മറിഞ്ഞത്. അവിടെ ഒരു മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. ലോറിയുടെ മുൻവശത്തെ ക്യാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികൾ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് ഫയർഫോഴ്‌സുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിൽ ഒരാൾ ലോറിക്ക് അടിയിൽ അകപ്പെട്ടിരുന്നു. ഇയാളെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയശേഷമാണ് പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന നന്ദുലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.