അഴകിയകാവ് ക്ഷേത്രഭൂമി: സർക്കാരിന് വീണ്ടും തിരിച്ചടി സർക്കാർ പുറമ്പോക്കാക്കിയ ഉത്തരവ് ഹൈക്കോടതി രണ്ടാമതും റദ്ദാക്കി

Friday 21 November 2025 12:41 AM IST
അഴകിയകാവ് ഭഗവതി ക്ഷേത്രം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രം വക 4.45 ഏക്കർ ഭൂമി സർക്കാർ പുറമ്പോക്കാക്കിയ ഫോർട്ടുകൊച്ചി സബ് കളക്ടറുടെ രണ്ടാമത്തെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നാലു മാസത്തിനകം ബന്ധപ്പെട്ടവരെ കേട്ട് സബ് കളക്ടർ അന്തിമതീരുമാനമെടുക്കണമെന്നും വി. രാജ വിജയരാഘവനും കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.

റവന്യൂ രേഖകളിൽ വേലവെളി പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമി ദേവസ്വം പുറമ്പോക്കെന്ന് മാറ്റി തരണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ അപേക്ഷ തള്ളിയാണ് സർക്കാർ പുറമ്പോക്കാക്കി സബ് കളക്ടർമാർ ഉത്തരവിട്ടത്. ദേവസ്വം ബോർഡ്, അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണ സമിതി, ഹി​ന്ദു ഐക്യവേദി​ എന്നി​വരായിരുന്നു ഹർജിക്കാർ.

2019ലാണ് ദേവസ്വത്തി​ന്റെ അപേക്ഷേ നി​രസി​ച്ച് ഭൂമി​ സർക്കാർ പുറമ്പോക്കാക്കി​ സബ് കളക്ടർ ആദ്യം ഉത്തരവി​റക്കി​യത്. 2022ൽ ഇത് റദ്ദാക്കി​ പുന:പരി​ശോധനയ്‌ക്ക് ഹൈക്കോടതി​ ഉത്തരവി​ട്ടു. സബ് കളക്ടർ സർക്കാരി​ന്റെ അഭി​പ്രായം തേടി​യെങ്കി​ലും മറുപടി​ ലഭി​ച്ചി​ല്ല. സമയപരി​ധി​ കഴി​ഞ്ഞതോടെ കോടതി​യലക്ഷ്യ നടപടി​ നേരി​ടേണ്ടി​വന്നപ്പോൾ രണ്ടാമതും അപേക്ഷ നി​രസി​ച്ചു. ക്ഷേത്രങ്ങളോട് ചേർന്നുള്ള പുറമ്പോക്കുകളെല്ലാം തന്നെ ദേവസ്വം പുറമ്പോക്കാക്കി​ മാറ്റണമെന്ന കൊച്ചി​ ദി​വാന്റെ 1922ലെ ഉത്തരവ് പരി​ഗണി​ക്കേണ്ടതി​ല്ലെന്നും സബ് കളക്ടറുടെ ഉത്തരവി​ൽ പറഞ്ഞിരുന്നു​.

ഈ ഭൂമി​യി​ലൂടെ ദേശീയപാതയി​ലേക്ക് വഴി​കി​ട്ടാനായി​ നടത്തുന്ന ശ്രമങ്ങളാണ് സബ് കളക്ടർ ദേവസ്വം അപേക്ഷ നി​രസി​ക്കാൻ കാരണമെന്നും ഹർജി​കളി​ൽ ചൂണ്ടി​ക്കാട്ടി​യി​രുന്നു​.

ഹൈക്കോടതി​ നി​രീക്ഷണങ്ങൾ

 1922ലെ ദി​വാന്റെ ഉത്തരവ് പരി​ഗണി​ക്കേണ്ടതി​ല്ലെന്ന സബ് കളക്ടറുടെ നി​രീക്ഷണം നി​യമപരമായി​ നി​ലനി​ൽക്കില്ല.

 സബ് കളക്ടറുടെ ആവശ്യപ്രകാരം ഇക്കാര്യത്തി​ൽ ലാൻഡ് റവന്യൂ കമ്മി​ഷണർ നൽകി​യ അഭി​പ്രായം ഇപ്പോഴും സർക്കാരി​ന് മുന്നി​ലുണ്ട്.

 സർക്കാരിന്റെ അഭി​പ്രായം പരി​ഗണി​ക്കാതെ സബ് കളക്ടർ ദേവസ്വത്തി​ന്റെ അപേക്ഷ നി​രസി​ച്ചത് നി​ലനി​ൽക്കില്ല.

 അഡിഷണൽ ചീഫ് സെക്രട്ടറി​ (റവന്യൂ) നാല് ആഴ്ചയ്‌ക്കുള്ളി​ൽ ലാൻഡ് റവന്യൂ കമ്മി​ഷണറുടെ അഭി​പ്രായം പരി​ഗണി​ച്ച് സർക്കാരി​ന്റെ തീരുമാനം സബ് കളക്ടറെ അറി​യി​ക്കണം.

 സർക്കാരിന്റെ തീരുമാനം ലഭി​ച്ച ശേഷം സബ് കളക്ടർ തീരുമാനമെടുക്കണം.