സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ : വി ഡി സതീശൻ

Thursday 20 November 2025 6:37 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. ,സതീശൻ. കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റ്ക്കെതിരെ പരാതി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങും എന്ന് സി.പി.എമ്മിന് അറിയാമായിരുന്നു എന്നും ഇനി ചോദ്യം ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശൻ പറഞ്ഞു നിലവിലെ ദേവസ്വം മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി ഇവർ കൊള്ളയടിക്കുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. സി.പി.എമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ എം.വി. ഗോവിന്ദന് മാത്രമേ കഴിയുവെന്നും സതീശൻ പരിഹസിച്ചു. കോടതി നേരിട്ട് ഇടപെട്ടത് കൊണ്ടാണ് അന്വേഷണം ഇത്രയും മുന്നോട്ട് പോയത്. അല്ലായിരുന്നെങ്കിൽ നവീൻ ബാബുവിന്റെ കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സ്ഥാനാർത്ഥിയായതു പോലെ ഇവിടെയുംകാണാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേ‌ർത്തു.